തിരുവള്ളൂർ : തമിഴ്‌നാട്ടിലെ തിരുവള്ളൂരിൽ പെയിൻ്റ് ഫാക്‌ടറിയിലുണ്ടായ തീപിടിത്തത്തിൽ മൂന്ന് പേർ മരിച്ചു. തിരുവള്ളൂർ ജില്ല യൂണിയൻ്റെ കീഴിലുള്ള കാക്കല്ലൂരിലെ ചിപ്‌കോട്ട് പ്രദേശത്തെ ജാൻ പെയിൻ്റ്‌സ് എന്ന ഫാക്‌ടറിയിലാണ് വെള്ളിയാഴ്‌ച (മെയ് 31) തീപിടിത്തമുണ്ടായത്. വൈദ്യുതി ചോർച്ചയെ തുടർന്നാണ് അപകടമെന്നാണ് പ്രാഥമിക നിഗമനം.
മരണപ്പെട്ട മൂന്നുപേരടക്കം പത്തോളം പേരാണ് ഫാക്‌ടറിയിൽ കുടുങ്ങിയിരുന്നതെന്നാണ് വിവരം. ആശുപത്രിയിൽ പ്രവേശിപ്പിച്ചവരിൽ ഒരാളുടെ നില ഗുരുതരമാണ്. അപകടത്തിൽപ്പെട്ടവരുടെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
തീ നിയന്ത്രണ വിധേയമാക്കാൻ ഫയർഫോഴ്‌സ് ശ്രമം തുടരുകയാണ്. മൂന്ന് കോടി രൂപയുടെ നഷ്‌ടം ഉണ്ടായതായാണ് വിവരം.