ഹൈദരാബാദ്: തെലങ്കാനയിലെ ആബിഡ്‌സില്‍ അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന പടക്ക കടയിൽ വൻ തീപിടിത്തം. പാരസ് എന്ന പടക്ക കടയ്‌ക്കാണ് തീപിടിച്ചത്. തീ പടര്‍ന്ന് സമീപത്തെ റെസ്റ്റോറന്‍റ് പൂര്‍ണമായും കത്തിനശിച്ചു.
നിരവധി വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. അപകടത്തില്‍ ഒരു സ്ത്രീയ്‌ക്ക് പരിക്കേറ്റതായാണ് വിവരം. ഇന്നലെ (ഒക്‌ടോബർ 27) രാത്രിയോടെയാണ് അപകടമുണ്ടായത്.
സംഭവമറിഞ്ഞയുടൻ തന്നെ അഗ്നിശമനസേനാ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. മറ്റ് കെട്ടിടങ്ങളിലേക്ക് തീ പടരാതിരിക്കാൻ കൂടുതൽ അഗ്നിശമന ഉദ്യോഗസ്ഥർ സംഭവസ്ഥലത്തേക്ക് വിന്യസിച്ചതായി അധികൃതർ അറിയച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അപകടത്തിൽ റെസ്‌റ്റോറന്‍റിന് സമീപം പാർക്ക് ചെയ്‌തിരുന്ന എട്ടിലധികം കാറുകൾ കത്തി നശിച്ചതായി പൊലീസ് പറഞ്ഞു. അതേസമയം, പടക്ക കടയ്‌ക്ക് ലൈസൻസില്ലെന്നും അനധികൃതമായാണ് അത് അവിടെ സ്ഥാപിച്ചതെന്നും സുൽത്താൻ ബസാർ എസിപി കെ ശങ്കർ വ്യക്തമാക്കി. മാത്രമല്ല ഇവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
തീപിടിത്തിൽ റെസ്‌റ്റോറന്‍റ് പൂർണമായും നശിച്ചതായി അധികൃതർ പറഞ്ഞു. 'രാത്രി 10.30-10.45 ഓടെയാണ് തീയണച്ചത്. തീപിടിത്തത്തിൽ റെസ്‌റ്റോറന്‍റ് പൂർണമായും കത്തിനശിച്ചു. 7-8 കാറുകളും കത്തിനശിച്ചു. ഒരു സ്ത്രീക്ക് നിസാര പരിക്കേറ്റു' എസിപി ശങ്കർ മാധ്യമങ്ങളോട് പറഞ്ഞു.
റെസ്‌റ്റോറൻ്റിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്നും പ്രദേശത്ത് ജനവാസകേന്ദ്രമുണ്ടെങ്കിൽ നാശനഷ്‌ടം കൂടുതൽ രൂക്ഷമാകുമായിരുന്നുവെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. തീപിടിത്തത്തിൻ്റെ കാരണം വ്യക്തമല്ലെന്നും സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും അവർ വ്യക്തമാക്കി.
Also Read: ഉറക്കത്തിനിടെ മരണത്തിലേക്ക്; ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു, യാത്രക്കാരന്‍ വെന്തുമരിച്ചു