നീംകത്താന: രാജസ്ഥാനിലെ നിംകത്താനയിൽ അമിതഭാരം കയറ്റിയ ട്രെയിലർ പൊലീസ് വാഹനത്തിന് മുകളിൽ മറിഞ്ഞ് മൂന്ന് കോൺസ്‌റ്റബിൾമാർ മരിച്ചു. ഒരു പൊലീസുകാരന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്‌തു. രാജസ്ഥാനിൽ പുതുതായി രൂപീകരിച്ച ജില്ലയായ നീം കത്തനയിലെ പാടാൻ പൊലീസ് സ്‌റ്റേഷൻ പരിധിയിലാണ് അപകടമുണ്ടായത്.
അപകടത്തെ തുടർന്ന് പൊലീസ് വകുപ്പ് വലിയ ദുഃഖമാണ് രേഖപ്പെടുത്തിയത്. പടാൻ പൊലീസ് സ്‌റ്റേഷനിൽ നിന്ന് ലഭിക്കുന്ന വിവരം അനുസരിച്ച്, പടാൻ പൊലീസ് സ്‌റ്റേഷനിലെ ഹെഡ് കോൺസ്‌റ്റബിൾ ശീഷ് റാം (55 ), കോൺസ്‌റ്റബിൾ ഭൻവർലാൽ (52 ), കോൺസ്‌റ്റബിൾ മഹിപാൽ (38 ) എന്നിവർ പൊലീസ് ജീപ്പിൽ സ്‌റ്റേഷനിലേക്ക് മടങ്ങുകയായിരുന്നു. അതിനിടെ, ഹരിയാനയിൽ നിന്ന് കല്ലുകൾ നിറച്ചുവന്ന ട്രെയിലർ പൊലീസ് സ്‌റ്റേഷനിൽ നിന്ന് 7 കിലോമീറ്റർ അകലെ രാംപുര വാലിക്ക് സമീപം വച്ച് പെലീസ് ജീപ്പിലേക്ക് മറിയുകയായിരുന്നു.
അപകടത്തിൽ കോട്‌പുട്ട്ലി സ്വദേശി മഹിപാൽ, നീംകത്താന സ്വദേശി ഭൻവർലാൽ എന്നിവർ സംഭവസ്ഥലത്തുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ശ്രീമധോപൂർ സ്വദേശിയായ ഹെഡ് ശീഷ് റാമിനെ കോട്‌പുത്‌ലിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയ്ക്കിടെയാണ് ശീഷ് റാം മരണപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു.
Also Read : കോഴിക്കോട്ട് ട്രെയിൻ തട്ടി അമ്മയും മകളും മരിച്ചു - TRAIN ACCIDENT KOZHIKODE