ഹൈദരാബാദ് : ദിവസങ്ങൾ മാത്രം പ്രായമായ കുഞ്ഞിനെ വിറ്റ അച്ഛനും കച്ചവടം നടത്തിയ ആളും പിടിയിൽ . ബന്ദ്‌ലഗുഡ പെലീസ് സ്‌റ്റേഷൻ പരിധിയിലെ മുഹമ്മദ് നഗറിൽ താമസിക്കുന്ന മുഹമ്മദ് ആസിഫ് (43) ആണ് കുഞ്ഞിനെ ഒരു ലക്ഷം രൂപയ്‌ക്ക് വിൽപന നടത്തിയത് എന്ന് പൊലീസ് പറഞ്ഞു.
കുഞ്ഞിനെ വിറ്റ് നാല് ദിവസത്തിന് ശേഷം അമ്മ അസ്‌മ ബീഗം പൊലീസിൽ പരാതിപ്പെടുകയായിരുന്നു. പരാതിയെ തുടർന്ന് മുഹമ്മദിനെ കസ്‌റ്റഡിലെടുത്ത് പൊലീസ് ചോദ്യം ചെയ്‌തു. കുഞ്ഞിനെ ഒരു ലക്ഷം രൂപയ്ക്ക് അബ്‌ദുള്ളപൂർമെട്ടിലെ വ്യവസായിയായ ചന്ദ് സുൽത്താനയുമായി കച്ചവടം നടത്തിയതെന്ന് പ്രതി സമ്മതിച്ചു.
ഇയാൾ നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ചന്ദ് സുൽത്താനയെ പിടികൂടി. കുഞ്ഞിനെ സുരക്ഷിതമായി കൊണ്ടുവന്ന് അമ്മയെ ഏൽപ്പിച്ചു. 18 ദിവസം മുൻപാണ് അസ്‌മയ്‌ക്കും മുഹമ്മദിനും ഒരു പെൺക്കുട്ടി ജനിച്ചത്. കുഞ്ഞിന് ഹഫീസ എന്ന് പേരിട്ടു.
ജൂലൈ 8 ന് മുഹമ്മദ് കുഞ്ഞിനെ എടുത്ത് പുറത്തേക്ക് പോകുകയും തിരികെയെത്തിയപ്പോൾ ഇയാളുടെ കയ്യിൽ കുഞ്ഞിനെ കാണാതെ വന്നതോടെ അമ്മ അസ്‌മ ബീഗം ആശങ്കയിലായി. അവൾ കുട്ടിയെ അന്വേഷിച്ച് കരഞ്ഞു. പിന്നീട് നാല് ദിവസത്തിന് ശേഷം പൊലീസ് സ്‌റ്റേഷനിലെത്തി യുവതി പരാതി നൽകുകയായിരുന്നു. പിതാവിനും ചന്ദ് സുൽത്താനയ്ക്കുമെതിരെ ബന്ദ്‌ലഗുഡ പെലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.