ജയ്‌പൂർ : മകളെ കാണാതായതിന്‍റെ മനോവിഷമത്തിൽ പിതാവ് ആത്മഹത്യ ചെയ്‌തു. രാജസ്ഥാനിലെ ദുംഗർപൂർ ജില്ലയിലെ ചൗരാസി സ്റ്റേഷൻ പരിധിയിലാണ് സംഭവം. ദുംഗർ കനിപ എന്നയാളാണ് ആത്മഹത്യ ചെയ്‌തത്.
മരിച്ചയാളുടെ 13 വയസുകാരിയായ മകളെ ഇന്നലെ (മെയ് 7) രാവിലെ മുതൽ കാണാതായിരുന്നു. ഇതിനെ തുടർന്നാണ് ആത്മഹത്യ ചെയ്‌തതെന്നാണ് വിവരം. സഹോദരിയെ കാണാതായതിനെ തുടർന്ന് പിതാവും ബന്ധുക്കളും ചേർന്ന് തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ലെന്നും ഇന്നലെ രാത്രി പിതാവ് ആത്മഹത്യ ചെയ്‌തെന്നും മരിച്ച ദുംഗർ കനിപയുടെ മകൻ കരൺ കനിപ പറഞ്ഞു.
രാവിലെ ദുംഗർ ഉറക്കമുണരാത്തതിനെ തുടർന്ന് നോക്കിയപ്പോഴാണ് ആത്മഹത്യ ചെയ്‌ത വിവരം അറിയുന്നതെന്നും മകൻ പറഞ്ഞു. ദുംഗർപൂർ ജില്ല ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സംഭവത്തിൽ ചൗരാസി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കാണാതായ പെൺകുട്ടിക്കായി തെരച്ചിൽ പുരോഗമിക്കുകയാണ്.
ശ്രദ്ധിക്കൂ... ആത്മഹത്യ ഒരു പ്രശ്‌നത്തിനും പരിഹാരമല്ല. മാനസിക ബുദ്ധിമുട്ടുകളുണ്ടായാല്‍ സഹായത്തിനായി ബന്ധപ്പെടുക, അതിജീവിക്കുക. വിളിക്കാം: 9152987821