മുങ്ങേലി: സ്വത്ത് തർക്കത്തെ തുടർന്ന് പിതാവ് തന്‍റെ നാലുമക്കളോടൊപ്പം ചേർന്ന് മറ്റു രണ്ടു മക്കളെ കൊലപ്പെടുത്തി. ഛത്തീസ്ഗഡിലെ മുങ്ങേലിയിലെ ബുധ്വാര ഗ്രാമത്തിലാണ് അതിദാരുണമായ സംഭവം നടന്നത്. പൈതൃക സ്വത്ത് വിഭജിക്കുന്നതിന്‍റെ ഭാഗമായാണ് തർക്കം രൂപപ്പെടുന്നത്. പിതാവ് തോരൻ പട്ടേലിന്‍റെ ഏഴുമക്കൾ തമ്മിൽ സ്വത്ത് തർക്കം രൂക്ഷമാകുകയായിരുന്നു. ഇതിനെത്തുടർന്ന് സഹോദരങ്ങൾ രണ്ടായി പിരിഞ്ഞു. ഇതിൽ മക്കളായ കേജു, മഖൻ, രാംബാലി എന്നിവർ പിതാവിനൊപ്പം നിന്നു. ഭാഗ്ബലി, വക്കിൽ, കൗശൽ, നരേന്ദ്രൻ എന്നീ സഹോദരങ്ങൾ മറുപക്ഷത്തും നിലയുറപ്പിച്ചു.
ഓഗസ്റ്റ് 25 നാണ് കൊലപാതകം നടക്കുന്നത്. കൊല്ലപ്പെട്ടവർ രണ്ടുപേരും കുടുംബ സ്വത്തായ വയലിൽ ജോലി ചെയ്യാൻ എത്തിയതായിരുന്നു. ജോലി കഴിഞ്ഞ് ഉച്ചക്ക് 2 മണിയോടെ ഭാഗ്ബലി, വക്കീൽ, കൗശൽ, വക്കീലിൻ്റെ ഭാര്യ സന്തോഷി എന്നിവർ ഫാമിൽ നിന്നും റോഡിലേക്ക് വരുന്നതിനിടെ പിതാവ് തോരൻ പട്ടേലും മറ്റു സഹോദരന്മാരും ചേർന്ന് ട്രാക്‌ടർ ഓടിച്ച് കയറ്റുകയായിരുന്നു. ഭാഗ്ബലിക്കും വക്കീലിനും മുകളിലൂടെ ട്രാക്‌ടർ കയറി ഇറങ്ങി. ഭഗവതി സംഭവസ്ഥലത്തുവെച്ചും വക്കീൽ പട്ടേൽ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയും മരണപ്പെട്ടു.
മൂന്നാമത്തെ സഹോദരൻ കൗശൽ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. വീട്ടിലെത്തിയ കൗശൽ ആണ് സംഭവം പോലീസിൽ അറിയിക്കുന്നത്. സിറ്റി കോട്‌വാലി പോലീസ് സ്‌റ്റേഷനിലെ പോലീസുകാർ ഉടൻ തന്നെ സംഭവസ്ഥലത്തെത്തുകയും മുഴുവൻ പ്രതികളെയും കസ്‌റ്റഡിയിലെടുക്കുകയും ചെയ്‌തു. മഖാൻ്റെ പ്രായപൂർത്തിയാകാത്ത മകനെ ഉൾപ്പെടെ പോലീസ് കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്.
കൊലപാതകത്തിന് ഉപയോഗിച്ച വടികളും ട്രാക്‌ടറും ഉൾപ്പെടെയുള്ള ആയുധങ്ങൾ പൊലീസ് പിടിച്ചെടുത്തു. കൊലപാതകം, കൊലപാതകശ്രമം, കലാപമുണ്ടാക്കൽ, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ഒളിവിലുള്ള പ്രതികൾക്കായി തിരച്ചിൽ നടത്തുകയാണെന്നും എഎസ്‌പി പറഞ്ഞു.
Also Read:വാഹനത്തിൻ്റെ ഡോർ തുറന്നതിന്‍റെ പേരില്‍ തര്‍ക്കം; പിതാവിനെ മകൻ അടിച്ച് കൊന്നു