ശ്രീനഗർ: ജമ്മു കശ്‌മീര്‍ തെരഞ്ഞെടുപ്പില്‍ കോൺഗ്രസ് പാർട്ടി നാഷണൽ കോൺഫറൻസുമായി സഖ്യം ചേര്‍ന്ന് മത്സരിക്കും. സംസ്ഥാനത്തെ 90 നിയമസഭ സീറ്റുകളിലും സഖ്യം അന്തിമമാണെന്ന് നാഷണൽ കോൺഫറൻസ് പ്രസിഡൻ്റ് ഫാറൂഖ് അദ്ബുള്ള വ്യക്തമാക്കി. രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും നാഷണൽ കോൺഫറൻസ് നേതാവ് അബ്‌ദുള്ളയുടെ വസതിയിലെത്തി സന്ദർശിച്ചതിന് ശേഷമാണ് പ്രഖ്യാപനം.
നമ്മൾ കൂടിക്കാഴ്‌ച നടത്തി. സുഗമമായി സഖ്യത്തെ മുന്നേട്ട് കൊണ്ടുപോകാന്‍ കഴിയും എന്ന് പ്രതീക്ഷിക്കുന്നു. സഖ്യം അന്തിമമാണ്. ഇന്ന് വൈകുന്നേരത്തോടെ ഒപ്പിടും എന്ന് അബ്‌ദുള്ള പറഞ്ഞു. സിപിഎമ്മിൻ്റെ തരിഗാമി ഞങ്ങളോടൊപ്പമുണ്ട്. ജനങ്ങള്‍ ഞങ്ങളോടൊപ്പമാണ്. ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താൻ ഞങ്ങളെ വന്‍ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്നും നാഷണൽ കോൺഫറൻസ് പ്രസിഡൻ്റ് ഫാറൂഖ് അദ്ബുള്ള പറഞ്ഞു.
ജമ്മു കശ്‌മീരിന്‍റെ സംസ്ഥാന പദവി പുനസ്ഥാപിക്കുന്നതിനാണ് മുന്‍ഗണന നല്‍കുന്നത്. ജമ്മു കശ്‌മീരിന് സംസ്ഥാന പദവി ലഭിക്കുന്നത് വളരെ പ്രധാനമാണ്. സംസ്ഥാനം സാക്ഷ്യം വഹിച്ച മോശം ദിവസങ്ങൾക്ക് ശേഷം നല്ല ദിവസം തിരിച്ച് വരുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു.
തെരഞ്ഞെടുപ്പില്‍ മത്സരിച്ച് രാജ്യത്ത് നിലനില്‍ക്കുന്ന മോശം ആളുകളെ പുറത്താക്കുന്നതിന് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ തെരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്ന ചോദ്യത്തിന് മറുപടി നൽകാൻ അബ്‌ദുള്ള തയ്യാറായില്ല. മൂന്ന് ഘട്ടമായി നടക്കുന്ന തെരഞ്ഞെടുപ്പ് സെപ്റ്റംബർ 18, സെപ്റ്റംബർ 25, ഒക്ടോബർ 1 തീയതികളിലായാണ് നടക്കുക. ഫലം ഒക്‌ടോബർ നാലിന് പ്രഖ്യാപിക്കും.
Also Read: കശ്‌മീരില്‍ ലെഫ്റ്റനന്‍റ് ഗവർണര്‍ക്ക് കൂടുതല്‍ അധികാരം; നിയമം ഭേദഗതി ചെയ്‌ത് ആഭ്യന്തര മന്ത്രാലയം