ശ്രീനഗര്‍: ഗഗന്‍ഗിറിലുണ്ടായ ഭീകരാക്രമണത്തെ അപലപിച്ച് നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷന്‍ ഫാറൂഖ് അബ്‌ദുള്ള. ഇന്ത്യയുമായി നല്ല ബന്ധമാണ് ആഗ്രഹിക്കുന്നതെങ്കില്‍ ഭീകരാക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം പാകിസ്ഥാന്‍ നേതൃത്വത്തിന് മുന്നറിയിപ്പ് നല്‍കി. ജമ്മുകശ്‌മീരിലെ ജനങ്ങളെ അന്തസോടെ വിജയകരമായ ജീവിതം നയിക്കാന്‍ അനുവദിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കശ്‌മീര്‍ ഒരിക്കലും പാകിസ്ഥാനാവില്ല. 75 കൊല്ലമായി അവര്‍ക്ക് പാകിസ്ഥാന്‍ സൃഷ്‌ടിക്കാന്‍ സാധിച്ചിട്ടില്ലെങ്കില്‍ ഇനി എങ്ങനെ കഴിയുമെന്നും മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ അദ്ദേഹം ചോദിച്ചു. ഇത് ഭീകരത അവസാനിപ്പിക്കാനുള്ള സമയമാണ്. ഇല്ലെങ്കില്‍ പ്രത്യാഘാതങ്ങള്‍ ഗുരുതരമായിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇത്തരത്തില്‍ തങ്ങളുടെ നിരപരാധികളായ ജനങ്ങളെ കൊന്നുതള്ളുകയാണെങ്കില്‍ ചര്‍ച്ചകള്‍ എങ്ങനെ സാധിക്കുമെന്നും അദ്ദേഹം ചോദിച്ചു. ഈ ആക്രമണങ്ങള്‍ തികച്ചും ദൗര്‍ഭാഗ്യകരമാണ്. കുടിയേറ്റ തൊഴിലാളികള്‍ക്കും ഒരു ഡോക്‌ടര്‍ക്കുമാണ് ജീവന്‍ നഷ്‌ടമായത്. ഭീകരര്‍ക്ക് ഇതില്‍ നിന്ന് എന്താണ് കിട്ടുന്നത്?. ഇവിടെ ഒരു പാകിസ്ഥാന്‍ സൃഷ്‌ടിക്കാമെന്ന് അവര്‍ കരുതുന്നുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
ഇത്തരം സംഭവങ്ങള്‍ക്ക് അറുതിയുണ്ടാക്കാനാണ് തങ്ങളുടെ ശ്രമം. ഈ ദുരിതങ്ങളില്‍ നിന്ന് തങ്ങള്‍ക്ക് മോചനം വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം ഗഗന്‍ഗിര്‍ ഭീകരാക്രമണത്തെക്കുറിച്ച് അന്വേഷിക്കാന്‍ ദേശീയ അന്വേഷണസംഘത്തിന്‍റെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ നയിക്കുന്ന സംഘം ജമ്മുകശ്‌മീരിലേക്ക് പോയിട്ടുണ്ട്.
ഞായറാഴ്‌ച വൈകിട്ട് ജമ്മുകശ്‌മീരിലെ ഗണ്ഡേർബാൽ ജില്ലയിലെ ഗഗന്‍ഗിര്‍ മേഖലയിലെ ഒരു നിര്‍മ്മാണ സ്ഥലത്തേക്ക് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ ആറ് നിര്‍മ്മാണത്തൊഴിലാളികളും ഒരു ഡോക്‌ടറുമാണ് കൊല്ലപ്പെട്ടത്. വെടിവയ്‌പിന് പിന്നാലെ സുരക്ഷ സേനകള്‍ ഗഗന്‍ഗിര്‍, സോനാമാര്‍ഗ്, ഗാന്‍ഡെര്‍ബാല്‍ മേഖലകളില്‍ തെരച്ചില്‍ നടത്തി.
Also Read: ജമ്മുകശ്‌മീർ ഭീകരാക്രമണം: ഏഴ് പേർ കൊല്ലപ്പെട്ടു, ഒരു ഭീകരനെ സൈന്യം വധിച്ചു