ലഖിംപൂര്‍ ഖേരി : കര്‍ഷകരെ കൊലപ്പെടുത്തിയ കേസില്‍ കുറ്റാരോപിതനായ കേന്ദ്ര സഹമന്ത്രി അജയ് മിശ്ര തെനിയ്‌ക്ക് ലഖിംപൂര്‍ ഖേരിയില്‍ നിന്ന് ലോക്‌സഭ ടിക്കറ്റ് നല്‍കാനുള്ള ബിജെപി തീരുമാനത്തിനെതിരെ കര്‍ഷകര്‍ (Farmers on Lok Sabha Ticket To Ajay Mishra Teni). തങ്ങളുടെ വികാരം വ്രണപ്പെടുത്തിയ ബിജെപി തീരുമാനത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കര്‍ഷകര്‍ അറിയിച്ചു. ഖേരിയിലെ കര്‍ഷകര്‍ മാത്രമല്ല, രാജ്യത്തെ മറ്റ് ഭാഗങ്ങളില്‍ നിന്നുള്ള കര്‍ഷകരും വിഷയത്തില്‍ രോഷം പ്രകടിപ്പിച്ചിട്ടുണ്ട്.
അജയ് മിശ്രയ്‌ക്ക് ലോക്‌സഭയിലേക്ക് മത്സരിക്കാനുള്ള അവസരം നല്‍കിയ നരേന്ദ്ര മോദി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ തങ്ങളുടെ വികാരം വൃണപ്പെടുത്തിയെന്ന് താങ്ങുവില വിഷയത്തില്‍ സമരം ചെയ്യുന്ന പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ പറഞ്ഞു. ലഖിംപൂര്‍ ഖേരിയിലെ ടികുനിയയില്‍ കര്‍ഷകരെ കൊലപ്പെടുത്തിയ സംഭവത്തില്‍ കുറ്റാരോപിതനായ അജയ് മിശ്രക്ക് ടിക്കറ്റ് നല്‍കിയതില്‍ പ്രതിഷേധിക്കുമെന്നും സമരം ചെയ്യുന്ന കര്‍ഷകര്‍ പറഞ്ഞു. ഒരു കൊലയാളിക്ക് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സാഹചര്യം ഒരുക്കി നല്‍കിയതിലൂടെ ബിജെപി തങ്ങളെ വഞ്ചിച്ചു എന്നും കര്‍ഷകര്‍ ആരോപിച്ചു.
'ലഖിംപൂര്‍ ഖേരിയിലെ കര്‍ഷകര്‍ക്ക് നീതി ലഭിക്കുന്നതുവരെ പ്രതിഷേധം തുടരും. അജയ് മിശ്രയ്‌ക്ക് ടിക്കറ്റ് നല്‍കിയ ഈ ഭയാനകമായ തീരുമാനത്തിനെതിരെ രാജ്യത്തെ മുഴുവന്‍ കര്‍ഷകരും ഒറ്റക്കെട്ടായി പോരാടും' -കര്‍ഷക നേതാവ് സര്‍വാന്‍ സിങ് പന്ദര്‍ പറഞ്ഞു.