ഹൈദരാബാദ്: വിളകൾക്ക് മിനിമം താങ്ങുവിലയുൾപ്പെടെയുളള ആവശ്യങ്ങൾ ഉന്നയിച്ച് കർഷകർ സംഘടിപ്പിക്കുന്ന ഡൽഹി ചലോ മാർച്ച് (Delhi Chalo March) 15ാം ദിവസത്തിലേക്ക്. കർഷക സമരത്തിന്‍റെ ഭാവി തീരുമാനിക്കുന്ന നിർണായക യോഗം ഇന്ന് നടക്കും. കിസാൻ മസ്‌ദൂർ മോർച്ചയുടെയും യുണൈറ്റഡ് കിസാൻ മോർച്ചയുടെയും നേതൃത്വത്തിലാണ് ദേശീയ യോഗം നടക്കുക.
യോഗത്തിനുശേഷം സമരത്തിന്‍റെ അന്തിമ തീരുമാനം നാളെ അറിയാൻ സാധിക്കും. അതേസമയം മാർച്ച് 14ന് ഡൽഹിയിൽവച്ച് മഹാപഞ്ചായത്ത് നടക്കും. ഈ മാസം 29വരെ പഞ്ചാബ് ഹരിയാന അതിർത്തിയിൽ പ്രതിഷേധം തുടരുമെന്ന് കർഷകർ അറിയിച്ചിരുന്നു.
പ്രതിഷേധത്തിൽ അടിയുറച്ച് കർഷകർ: യുണൈറ്റഡ് ഫാർമേഴ്‌സ് ഫ്രണ്ട് (SKM) രാജ്യത്തുടനീളം ഇന്നലെ ട്രാക്‌ടർ മാർച്ചുകൾ നടത്തുകയും പ്രതിഷേധക്കാർ സംസ്ഥാനത്തുടനീളം വേൾഡ് ട്രേഡ് ഓർഗനൈസേഷന്‍റെ (WTO) ബാനറുകള്‍ തകർക്കുകയും ചെയ്‌തു.
യുണൈറ്റഡ് കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ കർഷകർ ഖന്നയിലെ ദേശീയ പാതയിൽ ട്രാക്‌ടർ മാർച്ച് നടത്തുകയും പ്രതിഷേധ സൂചകമായി ഡൽഹിക്ക് അഭിമുഖമായി ട്രാക്‌ടറുകൾ രണ്ട് കിലോമീറ്ററോളം നീളത്തിൽ നിരത്തി കർഷകരുടെ പതാകകൾ സ്ഥാപിച്ചു.
കേന്ദ്രസർക്കാർ, ഹരിയാന സർക്കാർ, മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ, ആഭ്യന്തരമന്ത്രി അനിൽ വിജിൻ എന്നിവർക്കെതിരെ കർഷകർ മുദ്രാവാക്യം വിളിച്ചു. രാജ്യം കോർപ്പറേറ്റ് സ്ഥാപനങ്ങൾക്ക് പണയപ്പെടുത്തുകയാണെന്ന് ഭാരതീയ കിസാൻ യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി രാജേവൽ പറഞ്ഞു.
ഫെബ്രുവരി 26 മുതൽ 28 വരെ അബുദാബിയിൽ നടക്കുന്ന ലോക വ്യാപാര സംഘടനയുടെ (WTO) യോഗത്തിൽ നിന്ന് ഇന്ത്യ വിട്ടുനിൽക്കണമെന്ന് യുണൈറ്റഡ് കിസാൻ മോർച്ച ആവശ്യപ്പെട്ടിട്ടുണ്ട്. ഇതേത്തുടർന്നാണ് ലോകവ്യാപാര സംഘടനയുടെ പ്രതിമ തകർത്തത്.
നീതി ലഭിക്കുംവരെ പിന്നോട്ടില്ല: ഖാനൂരി അതിർത്തിയിൽ കൊല്ലപ്പെട്ട യുവകർഷകൻ ശുഭ്‌കരണ്‍ന്‍റെ പോസ്‌റ്റ്‌മോർട്ടം ഇതുവരെ നടന്നിട്ടില്ല. ശുഭ്‌കരണിനെ വെടിവെച്ചവർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് കർഷക നേതാക്കളും മരണപ്പെട്ട കർഷകന്‍റെ കുടുംബവും.
കർഷകർക്ക് നേരെ വെടിയുതിർത്തവർക്കെതിരെ കേസെടുക്കണമെന്ന് കർഷക നേതാവ് ജഗ്‌ജിത് ദല്ലേവാൾ പറഞ്ഞു. അതേസമയം കർഷകന്‍റെ കുടുംബത്തിന് ഒരു കോടി രൂപയും സഹോദരിക്ക് സർക്കാർ ജോലിയും പഞ്ചാബ് സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
സമരഭൂമിയിൽ കർഷക മരണം: ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ച് പഞ്ചാബ് ഹരിയാന അതിർത്തിയിൽ പ്രതിഷേധിക്കുന്ന കർഷകർക്ക് നേരെ ഹരിയാന പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചിരുന്നു. പൊലീസും പ്രതിഷേധക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ കഴിഞ്ഞ ദിവസം ഒരു കർഷകനും മൂന്ന് പൊലീസ് ഉദ്യോഗസ്ഥരും മരിച്ചിരുന്നു.
ഗ്യാൻ സിങ് (65), മഞ്ജിത് സിങ് (72), ശുഭ്‌കരണ്‍ സിങ് (21), ദർശൻ സിങ് (62) എന്നിവരുൾപ്പെടെ പഞ്ചാബിൽ നിന്നുള്ള നാല് കർഷകരാണ് കഴിഞ്ഞ ദിവസങ്ങളിലായി മരിച്ചത്. കൂടാതെ എസ്ഐ ഹിരാലാൽ (58), എസ്ഐ കൗശൽ കുമാർ (56), എസ്ഐ വിജയ് കുമാർ(40) എന്നീ പൊലീസ് ഉദ്യോഗസ്ഥരും സംഘർഷത്തിൽ മരിച്ചിട്ടുണ്ട്. ഇതോടെ 7പേരുടെ ജീവനാണ് കർഷകസമരത്തിൽ ബലിയാടായത്.