ചണ്ഡീഗഢ്: കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ചര്‍ച്ചയ്‌ക്കെത്തുന്ന മൂന്ന് കേന്ദ്രമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ചര്‍ച്ച നടത്തണമെന്ന് കര്‍ഷക നേതാവ് സര്‍വാന്‍ സിങ് പാന്ധേര്‍. കൃഷി, കര്‍ഷക ക്ഷേമവകുപ്പ് മന്ത്രി അര്‍ജുന്‍ മുണ്ട, വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയല്‍, ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായി എന്നിവരാണ് ഇന്ന് (15-02-2024) വൈകിട്ട് 5 മണിക്ക് കര്‍ഷകരുമായി ചര്‍ച്ച നടത്തുന്നത്.
"കര്‍ഷകരുടെ ആവശ്യം അംഗീകരിക്കുന്നത് സംബന്ധിച്ചുള്ള ചര്‍ച്ചയ്‌ക്കെത്തുന്ന കേന്ദ്ര മന്ത്രിമാരോട് പ്രധാനമന്ത്രി സംസാരിക്കണം. ഞങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കണം." കിസാന്‍ മസ്‌ദൂര്‍ സംഘര്‍ഷ് കമ്മിറ്റി ജനറല്‍ സെക്രട്ടറി സര്‍വാന്‍ സിങ് പാന്ധേര്‍ പറഞ്ഞു. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാത്ത പക്ഷം സമാധാനപരമായി പ്രതിഷേധിക്കാന്‍ അനുവദിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പഞ്ചാബ് ഹരിയാന അതിര്‍ത്തിയില്‍ ഹരിയാന സര്‍ക്കാര്‍ വിന്യസിച്ച സുരക്ഷാ ഉദ്യോഗസ്ഥര്‍ കര്‍ഷകരെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തെ കര്‍ഷക നേതാവ് വിമര്‍ശിച്ചു. സുരക്ഷാ സേന പ്രയോഗിച്ച ചില കണ്ണീര്‍ വാതക ഷെല്ലുകള്‍ പാന്ധേര്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ കാണിച്ചു. മൊബൈല്‍ ഇന്‍റര്‍നെറ്റ് സര്‍വീസ് റദ്ദാക്കിയ കാര്യം പറഞ്ഞ അദ്ദേഹം സര്‍ക്കാര്‍ മണിപ്പൂരില്‍ ചെയ്‌തതു പോലെ കര്‍ഷകരോടും ചെയ്യുന്നുണ്ട്. അടിച്ചമര്‍ത്താനാണ് ശ്രമമെന്നും നേതാക്കള്‍ ആരോപിച്ചു.
വിളകള്‍ക്ക് മിനിമം താങ്ങുവില നിയമം കൊണ്ടുവരണം കൂടാതെ സ്വാമിനാഥന്‍ കമ്മീഷന്‍ ശുപാര്‍ശകള്‍ നടപ്പാക്കണം, കര്‍ഷകര്‍ക്കും കാര്‍ഷിക ജോലിചെയ്യുന്നവര്‍ക്കും പെന്‍ഷന്‍, കര്‍ഷകര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്‌ത കേസുകള്‍ റദ്ദാക്കുക, ലഖിംപൂര്‍ ഖേരി സംഘര്‍ഷത്തില്‍ ഇരകളായവര്‍ക്ക് നീതി ഉറപ്പാക്കുക, ലാൻഡ് അക്വിസിഷൻ ആക്ട് പുനസ്ഥാപിക്കുക, മുന്‍ കര്‍ഷക സമരത്തിനിടെ മരിച്ച കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് നഷ്‌ടപരിഹാരം നല്‍കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സംയുക്ത കിസാന്‍ മോര്‍ച്ചയും(നോണ്‍-പൊളിറ്റിക്കല്‍) കിസാന്‍ മസ്‌ദൂര്‍ മോര്‍ച്ചയും ഡല്‍ഹി ചലോ എന്ന പേരില്‍ പ്രിതിഷേധം സംഘടിപ്പിക്കുന്നത്. പ്രതിഷേധത്തിന്‍റെ ഭാഗമായി പഞ്ചാബില്‍ നിന്നുള്ള കര്‍ഷകര്‍ ശംഭു ഖനൗരി അതിര്‍ത്തിയില്‍ സമ്മേളിച്ചിരിക്കുകയാണ്.
Also Read: പ്രതിഷേധം കടുപ്പിച്ച് കര്‍ഷകര്‍, കേന്ദ്രവുമായി ചര്‍ച്ച ഇന്ന്