ഹൈദരാബാദ്: തെലങ്കാനയില്‍ പൊലീസുകാരുള്‍പ്പെട്ട വന്‍ വ്യാജ പാസ്‌പോര്‍ട്ട് റാക്കറ്റ് വലയിലായി. നാല് സ്‌പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥരും ഇടനിലക്കാരും അടക്കമുള്ളവരാണ് അറസ്‌റ്റിലായത്. തെലങ്കാന ക്രൈം ഇൻവെസ്‌റ്റിഗേഷൻ ഡിപ്പാര്‍ട്‌മെന്‍റാണ് 12 പേരുൾപ്പെട്ട സംഘത്തെ വലയിലാക്കിയത് (Fake Passport Scam Involving Police Men Busted in Hyderabad).
അബ്‌ദുൾ സത്താർ ഉസ്‌മാൻ അൽ ജഹ്വാരി (50) എന്നയാളാണ് റാക്കറ്റിലെ പ്രധാന കണ്ണി. ഇയാൾ വ്യാജ സർട്ടിഫിക്കറ്റുകൾ നിർമ്മിക്കുന്നതിൽ വിദഗ്‌ധനാണെന്ന് പൊലീസ് പറഞ്ഞു. ചെന്നൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഏജന്‍റിനുവേണ്ടി നിരവധി ശ്രീലങ്കൻ അഭയാർത്ഥികൾക്ക് ഇയാൾ വ്യാജ പേരിലും മേൽവിലാസത്തിലുമുള്ള പാസ്പോർട്ട് നല്‍കിയതായി അന്വേഷണ സംഘം കണ്ടെത്തി.
മ്യാൻമർ, ബംഗ്ലാദേശ് പൗരന്മാർക്കുവേണ്ടിയും അബ്‌ദുൾ സത്താറിന്‍റെ നേതൃത്വത്തില്‍ വ്യാജ പാസ്‌പോർട്ടുകൾ നൽകിയതായി കണ്ടെത്തി. ഇതുവരെ കണ്ടെത്തിയ 92 വ്യാജ പാസ്‌പോർട്ട് ഉടമകളിൽ പലരും അഭയാർത്ഥി ക്യാമ്പുകളിൽ ഒളിവില്‍ കഴിയുന്നതായാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തല്‍. ഇവർക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാനൊരുങ്ങുകയാണ് സിഐഡി സംഘം.
Also Read: പാസ്പോർട്ടിലും ഡിജിറ്റൽ ഇന്ത്യ; ചിപ്പ് ഘടിപ്പിച്ച ഇ-പാസ്‌പോർട്ടുകൾ ഉടൻ പുറത്തിറങ്ങും
അപേക്ഷകർക്ക് ശരിയായ വീട്ടുപേരോ മേൽവിലാസമോ ഇല്ലെങ്കിൽ പോലും സ്‌പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഇയാൾ പാസ്പോർട്ട് സംഘടിപ്പിച്ച് നൽകിയിരുന്നു. പൊലീസ് വെരിഫിക്കേഷന് വേണ്ടിയെത്തുന്ന സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥരെ കൈക്കൂലി നൽകി വശത്താക്കിയാണ് ഇയാൾ ഇത് ചെയ്‌തുപോന്നത്.