ഗുരുഗ്രാം: ഹരിയമാനയിലെ ഗുരുഗ്രാമില്‍ ക്ലബിന് പുറത്ത് നടന്ന ഇരട്ട സ്ഫോടനങ്ങളിൽ ലോറൻസ് ബിഷ്ണോയ് സംഘത്തിന് പങ്കുണ്ടെന്ന് സംശയം. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. പ്രദേശത്ത് സ്ഥാപിച്ചിരുന്ന സൈൻബോർഡും പാർക്ക് ചെയ്‌ത സ്‌കൂട്ടറും കത്തിയ ശേഷം പൊട്ടിത്തെറിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
സംഭവത്തില്‍ ഉത്തർപ്രദേശ് മീററ്റ് സ്വദേശികളായ സച്ചിൻ, വിനയ് എന്നിവരെ പൊലീസ് പിടികൂടി. ബോംബുകളും ആയുധങ്ങളുമായാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്‌തത്. ഗുണ്ടകള്‍ ക്ലബ് ഉടമയെ നിരന്തരം ഫോണിലൂടെ ഭീഷണിപ്പടുത്തിയിരുന്നതായും ലോറൻസ് ബിഷ്ണോയ് സംഘത്തിന് സംഭവത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്നതായും പൊലീസ് പറഞ്ഞു.
ബോംബ് സ്‌ക്വാഡും എൻഐഎ സംഘവും സ്ഥലത്തെത്തി പരിശോധന ശക്തമാക്കിയിട്ടുണ്ട്. ബോംബ് എറിഞ്ഞ യുവാക്കൾ മദ്യലഹരിയിലായിരുന്നുവെന്നും സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും മുഖ്യമന്ത്രി നയാബ് സിങ് സെയ്‌നി പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
നവംബർ 26ന് ചണ്ഡീഗഢിലെ രണ്ട് ക്ലബ്ബുകൾക്ക് പുറത്ത് സമാന രീതിയില്‍ സ്‌ഫോടനങ്ങള്‍ നടന്നിരുന്നു. ഇതിൻ്റെ ഉത്തരവാദിത്തം ബിഷ്ണോയിയുടെ കൂട്ടാളികളായ ഗോൾഡി ബ്രാറും രോഹിത് ഗോദാരയും ഏറ്റെടുക്കുകയും ചെയ്‌തിരുന്നു. ഈ കേസിലും രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. രണ്ട് സ്‌ഫോടനങ്ങളുടെയും പാറ്റേണുകൾ സമാനമാണെന്നാണ് അധികൃതരുടെ കണ്ടെത്തല്‍.
പ്രതികളെ ചോദ്യം ചെയ്‌തതില്‍ നിന്നാണ് ചണ്ഡീഗഢിലെയും ഗുരുഗ്രാമിലെയും സ്‌ഫോടനങ്ങള്‍ക്ക് പിന്നില്‍ ബിഷ്ണോയ് സംഘമാണ് കണ്ടെത്തിയത്. യുഎസിൽ താമസിക്കുന്ന ബിഷ്ണോയിയുടെ സഹായിയായ രൺദീപ് മാലികുമായി പിടിയിലായ യുവാക്കള്‍ ഫോണിലൂടെ ബന്ധപ്പെട്ടതായി പൊലീസ് കണ്ടെത്തിയിരുന്നു. ഇതിനായി യുവാവിന് രൺദീപ് മാലിക് മുൻകൂർ പണം നല്‍കുകയും ചെയ്‌തിരുന്നു.