ന്യൂഡൽഹി : ദൂരദർശൻ ന്യൂസ് ലോഗോ ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക് മാറ്റിയത് കാഴ്‌ചക്കാരുടെ എണ്ണത്തിലോ വാണിജ്യ നേട്ടത്തിലോ വർധനവ് ഉണ്ടാക്കാന്‍ സഹായിക്കില്ലെന്ന് വിദഗ്‌ധാഭിപ്രായം. ദൂരദർശൻ ന്യൂസിന്‍റെ ലോഗോ മാറ്റിയത് കൊണ്ട് മാത്രം കാഴ്‌ചക്കാരുടെ ശ്രദ്ധ ആകർഷിക്കാൻ കഴിയില്ലെന്ന് മുൻ പ്രസാർ ഭാരതി എഡിറ്ററും മാധ്യമ വിദഗ്‌ധനുമായ രാജേന്ദ്ര ഭട്ട് അഭിപ്രായപ്പെട്ടു.
'ഇത് ആദ്യമായല്ല ദൂരദര്‍ശന്‍ ലോഗോയോ മസ്‌കറ്റോ നിറമോ മാറ്റുന്നത്. ഇതിന് മുമ്പും നിരവധി തവണ ചെയ്‌തിട്ടുണ്ട്. തീം സോങ്ങും ഇത്തരത്തില്‍ മാറ്റിയതാണ്. ലോഗോയും നിറവും മാറ്റുന്നത് ഒരു രാഷ്‌ട്രീയ തീരുമാനമായാണ് തോന്നുന്നത്. കാരണം ഏത് തീരുമാനവും എടുക്കുന്നതിന് മുമ്പ് മൂന്ന് കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. സൗന്ദര്യാത്മക രൂപം, വാണിജ്യ സാധ്യത, രാഷ്‌ട്രീയ വീക്ഷണം. സൗന്ദര്യാത്മക രൂപവും വാണിജ്യ കാഴ്‌ചപ്പാടും ഇപ്പോഴത്തെ മാറ്റത്തില്‍ കാണുന്നില്ല.'- രാജേന്ദ്ര ഭട്ട് ഇടിവി ഭാരതിനോട് പറഞ്ഞു.
സമാന കാഴ്‌ചപ്പാടാണ് മുതിർന്ന പത്രപ്രവർത്തകനും മാധ്യമ വിദഗ്‌ധനുമായ പർദീപ് സൗരഭും പങ്കുവച്ചത്. ദൂരദർശൻ ലോഗോയും നിറവും മാറ്റുന്നതിന്‍റെ പ്രാധാന്യം തങ്ങൾക്ക് മനസിലാകുന്നില്ലെന്ന് അദ്ദേഹം പ്രതികരിച്ചു.
'ലോഗോയും നിറവും മാറ്റുന്നത് മറ്റ് ചാനലുകളുമായി മത്സരിക്കാനോ ജനപ്രീതി നേടാനോ പ്രക്ഷേപകരെ സഹായിക്കില്ല എന്നത് കൊണ്ടുതന്നെ ഇത് ഒരു രാഷ്‌ട്രീയ തീരുമാനമാണ് എന്നത് വ്യക്തമാണ്.'- സൗരഭ് പറഞ്ഞു.
ഡിഡി ന്യൂസ് ലോഗോയുടെ മാറ്റത്തോട് പ്രതികരിച്ച് തൃണമൂൽ കോൺഗ്രസിന്‍റെ രാജ്യസഭ എംപി ജവഹർ സിർകാർ എക്‌സിൽ ഒരു വീഡിയോ സന്ദേശത്തിൽ പറയുന്നത് ഇപ്രകാരമാണ്. 'പ്രസാർ ഭാരതിയുടെ മുൻ സിഇഒ എന്ന നിലയിൽ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ദൂരദർശന്‍റെ ലോഗോ കാവിവത്‌കരിക്കുന്നത് കാണുന്നത് വേദനാജനകമാണ്! ഒരു മതത്തിന്‍റെയും സംഘപരിവാറിന്‍റെയും നിറം ഒരു നിഷ്‌പക്ഷ പബ്ലിക് ബ്രോഡ്‌കാസ്‌റ്ററിന് നല്‍കി സർക്കാര്‍ വോട്ടർമാരെ സ്വാധീനിക്കുകയാണ്.' ഇത് പ്രസാർ ഭാരതിയല്ല, പ്രചാർ ഭാരതിയാണ് എന്നും സിർകാർ എക്‌സില്‍ കുറിച്ചു.
കഴിഞ്ഞ ദിവസമാണ് ദൂരദര്‍ശന്‍റെ ലോഗോ കാവി നിറമാക്കി മാറ്റിയെന്ന് പ്രസാര്‍ ഭാരതി അറിയിച്ചത്. ദൂരദര്‍ശന്‍ ഇംഗ്ലീഷ്, ഹിന്ദി വാര്‍ത്ത ചാനലുകളുടെ നിറമാണ് മാറ്റിയത്. കാവി നിറം നല്‍കിയതിനെ വിമര്‍ശിച്ച് പ്രതിപക്ഷവും രംഗത്തെത്തിയിരുന്നു.
മുമ്പ് പലതവണ ചാനൽ നിറവും ലോഗോയും മാറ്റിയിട്ടുണ്ടെന്ന് പ്രസാർ ഭാരതിയിലെ ചില ഉദ്യോഗസ്ഥരും ഇടിവി ഭാരതിനോട് പറഞ്ഞു. പ്രസാർ ഭാരതി സിഇഒയുമായി ബന്ധപ്പെടാൻ നിരവധി ശ്രമങ്ങൾ നടത്തിയെങ്കിലും വിഷയത്തിൽ പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ല.