ബെംഗളൂരു : റസ്‌റ്റോറന്‍റിലേക്ക് വിളിച്ച് ബോംബ് ഭീഷണി മുഴക്കിയ മുന്‍ ജീവനക്കാരന്‍ പിടിയില്‍. മഹാദേവ്‌പൂരില്‍ ഇന്നലെ (27-03-2024) രാത്രിയാണ് സംഭവം. പാസ്‌ത റസ്‌റ്റോറൻ്റിലേക്ക് വിളിച്ച് അവിടെ ബോംബുവച്ചിട്ടുണ്ടെന്നും ഉടൻ പൊട്ടിത്തെറിക്കുമെന്നും ഭീഷണി മുഴക്കിയ ബാനസവാടി സ്വദേശി വേലുവാണ് അറസ്റ്റിലായത്.
ഹോട്ടലിലെ മുന്‍ ജീവനക്കാരനായ ഇയാളെ അന്വേഷണത്തിനൊടുവില്‍ മഹാദേവ്പൂർ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ശമ്പളക്കുടിശ്ശിക നൽകാത്തതിനെ തുടർന്നാണ് വേലു റസ്‌റ്റോറന്‍റിലേക്ക് വിളിച്ച് വ്യാജ ബോംബ് ഭീഷണി മുഴക്കിയതെന്ന് പൊലീസ് അറിയിച്ചു.
ഭീഷണി സന്ദേശം വന്നപ്പോള്‍ തന്നെ ഉടമ പൊലീസിൽ വിവരമറിയിച്ചിരുന്നു. ഉടൻ തന്നെ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. എന്നാൽ ഒന്നും കണ്ടെത്താനായില്ല. അതൊരു വ്യാജ ഭീഷണി സന്ദേശമാണെന്ന് തിരിച്ചറിഞ്ഞ പൊലീസ് പ്രതിക്കായി തെരച്ചിൽ ആരംഭിച്ചു. തുടര്‍ന്ന് വേലുവിലേക്ക് എത്തുകയായിരുന്നു.
മൂന്ന് മാസം മുമ്പാണ് വേലു ഹോട്ടലിലെ ജോലി ഉപേക്ഷിച്ചത്. മദ്യത്തിന് അടിമയായ ഇയാൾ ജോലിക്കിടെ മോശമായി പെരുമാറിയതിനാൽ ഉടമ ശമ്പളം നൽകിയിരുന്നില്ല. ഇതേ തുടര്‍ന്നാണ് ഇയാള്‍ ഭീഷണി സന്ദേശം മുഴക്കിയതെന്ന് പൊലീസ് അറിയിച്ചു. മാത്രമല്ല മദ്യലഹരിയിലാണ് ഇയാള്‍ ഭീഷണി മുഴക്കിയതെന്നും പൊലീസ് വ്യക്തമാക്കി. ബെംഗളൂരുവിലെ രാമേശ്വരം കഫേയില്‍ സ്ഫോടനമുണ്ടായ പശ്ചാത്തലത്തില്‍ പൊലീസ് ഏറെ ഗൗരവത്തോടെയാണ് വിഷയത്തില്‍ ഇടപെട്ടത്.