ശ്രീനഗര്‍: ജമ്മു കശ്‌മീരിലെ ദോഡ ജില്ലയില്‍ വീണ്ടും സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ക്ക് പരിക്ക്. ജില്ലയിലെ ജദ്ദാൻ ബട്ട വനമേഖലയില്‍ ഇന്ന് (ജൂലൈ 18) പുലർച്ചെ രണ്ട് മണിയോടെയാണ് ഏറ്റുമുട്ടലുണ്ടായത്. സർക്കാർ സ്‌കൂളിൽ സ്ഥാപിച്ച താൽക്കാലിക സുരക്ഷാ ക്യാമ്പിന് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു.
സുരക്ഷാ സേന തിരിച്ചടിച്ചു. ഇരുവിഭാഗവും തമ്മിലുണ്ടായ വെടിവെപ്പ് ഒരു മണിക്കൂറിലേറെ നീണ്ടു. തുടര്‍ച്ചയായി വെടിവെപ്പുണ്ടാകുന്ന സാഹചര്യത്തില്‍ വ്യാപക തെരച്ചിലാണ് പ്രദേശത്ത് നടത്തുന്നത്.
തിങ്കളാഴ്‌ച (ജൂലൈ 15) ദേശ വനമേഖലയിലുണ്ടായ ഏറ്റുമുട്ടലിൽ നാല് ഇന്ത്യൻ സൈനികർക്ക് ജീവൻ നഷ്‌ടപ്പെട്ടതിന് പിന്നാലെയാണ് വീണ്ടും ആക്രമണം. പശ്ചിമ ബംഗാളിലെ ഡാർജിലിങ് സ്വദേശിയായ ക്യാപ്റ്റൻ ബ്രിജേഷ് ഥാപ്പ, ആന്ധ്രാപ്രദേശിലെ ശ്രീകാകുളം സ്വദേശിയായ നായിക് ഡി രാജേഷ്, രാജസ്ഥാനിലെ ജുൻജുനു സ്വദേശിയായ ശിപായി ബിജേന്ദ്ര, ശിപായി അജയ് എന്നിവരായിരുന്നു നേരത്തെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. രാഷ്ട്രീയ റൈഫിൾ10 ൻ്റെ ഭാഗമായി മേഖലയിൽ കലാപ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന സൈനികരാണ് കൊല്ലപ്പെട്ടത്.
Also Read: അസം-മിസോറം അതിർത്തിയില്‍ വെടിവയ്‌പ്പ്; മൂന്ന് തീവ്രവാദികള്‍ കൊല്ലപ്പെട്ടു