ബെംഗളൂരു (കർണാടക) : ബെംഗളൂരുവിന്‍റെ പ്രാന്തപ്രദേശത്ത് ആനക്കൊമ്പുകൾ അനധികൃതമായി കച്ചവടം ചെയ്യാനുള്ള ശ്രമങ്ങളെ പരാജയപ്പെടുത്തി ഡയറക്‌ടറേറ്റ് ഓഫ് റവന്യൂ (ഡിആർഐ). ഉദ്യോഗസ്ഥർ കൃത്യമായി ആസൂത്രണം ചെയ്‌ത ഓപ്പറേഷനിലൂടെയാണ് ആനക്കൊമ്പ് കച്ചവടം ചെയ്യാനുള്ള നീക്കം കണ്ടെത്തി തകര്‍ത്തത് (DRI Intercepts Illegal Elephant Tusk Trade In Bengaluru). ആനക്കൊമ്പ് അനധികൃതമായി കച്ചവടം ചെയ്യാൻ ശ്രമിച്ച ഏഴ് പേരെ അറസ്‌റ്റ് ചെയ്‌തുവെന്നും ഉദ്യോഗസ്‌ഥർ പറഞ്ഞു (Seven Arrested).
ഓട്ടോറിക്ഷയില്‍ നിന്ന് സംശയം തോന്നിയ മൂന്ന് പേരെ പിടികൂടിയപ്പോഴാണ് ഇവരുടെ കൈവശമുണ്ടായിരുന്ന വലിയ ബാഗില്‍ ഒളിപ്പിച്ച ആനക്കൊമ്പുകൾ കണ്ടെടുത്തത്. കൂടാതെ അനധികൃത വ്യാപാരം സുഗമമാക്കാൻ സഹായിച്ച നാല് കൂട്ടാളികളെയും അറസ്‌റ്റ് ചെയ്‌തുവെന്ന് ധനമന്ത്രാലയം പ്രസ്‌താവനയില്‍ പറഞ്ഞു. 1972 ലെ വന്യജീവി സംരക്ഷണ നിയമത്തിലെ (ഡബ്ല്യുപിഎ) സെക്ഷൻ 50 പ്രകാരമാണ് 6.8 കിലോഗ്രാം വരുന്ന രണ്ട് ആനക്കൊമ്പുകൾ കണ്ടെടുക്കുകയും പിടിച്ചെടുക്കുകയും ചെയ്‌തത്. ഏഴ് പേരെ അറസ്‌റ്റ് ചെയ്‌തതായും പ്രസ്‌താവനയിൽ പറയുന്നുണ്ട്.
2023 ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വന്ന വന്യജീവി സംരക്ഷണ നിയമത്തിലെ സമീപകാല ഭേദഗതികളോടെ, അന്താരാഷ്‌ട്ര അതിർത്തികളിലുടനീളം കള്ളക്കടത്ത് വിരുദ്ധ ശ്രമങ്ങളുടെയും കൗണ്ടർ ട്രാഫിക്കിംഗിന്‍റെയും മുൻനിരയിലുള്ള ഡിആർഐ ഉദ്യോഗസ്ഥർക്ക് ആഭ്യന്തര നിയമവിരുദ്ധ വന്യജീവി വ്യാപാരം തടയുന്നതിന് അധികാരങ്ങൾ നൽകിയിട്ടുണ്ട്.
ഈ പുതിയ വ്യവസ്ഥകൾ പ്രയോജനപ്പെടുത്തി, നിയമവിരുദ്ധമായി കച്ചവടം ചെയ്യുന്ന വന്യജീവി ഇനങ്ങൾ തടയുന്നതിനുള്ള പ്രവർത്തനങ്ങളിൽ ഡിആർഐ ഉദ്യോഗസ്ഥർ സജീവമായി ഏർപ്പെട്ടിരിക്കുകയാണ്. 2023 - 2024 സാമ്പത്തിക വർഷത്തിൽ മാത്രം, ഇന്ത്യയിലുടനീളമുള്ള ഡിആർഐ യൂണിറ്റുകൾ 57.5 കിലോഗ്രാം ഭാരമുള്ള ആറ് ആനക്കൊമ്പുകളാണ് വിജയകരമായി പിടികൂടിയത്. ചെന്നൈ, ഹൈദരാബാദ്, ഗുവാഹത്തി, കൊൽക്കത്ത, ബെംഗളൂരു എന്നിവിടങ്ങലും ഈ ഓപ്പറേഷനുകൾ നടത്തിയിട്ടുണ്ട്. വന്യജീവി കടത്തിനെതിരായ പോരാട്ടത്തിൽ ഡിആർഐയുടെ അചഞ്ചലമായ പ്രതിബദ്ധത കൂടുതൽ പ്രകടമാക്കുന്നുണ്ട് എന്നും പ്രസ്‌താവന കൂട്ടിച്ചേർത്തു.