ന്യൂഡല്‍ഹി : തെരഞ്ഞെടുപ്പ് കടപ്പത്രങ്ങളുടെ വിവരങ്ങള്‍ പങ്കുവയ്ക്കാന്‍ മടിച്ച് രാഷ്‌ട്രീയ കക്ഷികള്‍. നിയമപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പലരും വിവരങ്ങള്‍ പങ്കുവയ്ക്കാന്‍ മടിക്കുന്നത് (Political parties on donors). പാര്‍ട്ടി ഓഫിസിലെ ഡ്രോപ്ബോക്‌സിലും പേര് വെളിപ്പെടുത്താത്ത തപാലിലുമാണ് കടപ്പത്രങ്ങള്‍ ലഭിച്ചതെന്നാണ് ചില പാര്‍ട്ടികളുടെ വിശദീകരണം. ഡിഎംകെയ്ക്ക് ലഭിച്ച കടപ്പത്രങ്ങളിലേറെയും ലോട്ടറി വ്യവസായികളില്‍ നിന്നാണെന്ന് ഇവര്‍ തെരഞ്ഞെടുപ്പ് കമ്മിഷന് സമര്‍പ്പിച്ച വിവരങ്ങള്‍ വ്യക്തമാക്കുന്നു.
അതേസമയം രാഷ്‌ട്രീയ കക്ഷികളുടെ വരുമാനത്തിന്‍റെ വിവരങ്ങള്‍ വെളിപ്പെടുത്തേണ്ടതില്ലെന്ന്, 1951ലെ ജനപ്രാതിനിധ്യ നിയമത്തില്‍ വരുത്തിയ ഭേദഗതികളും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിയമത്തിലെ നിര്‍ദ്ദിഷ്‌ട ഭാഗങ്ങളും ആദായ നികുതി നിയമവും ചൂണ്ടിക്കാട്ടി ബിജെപി വാദിക്കുന്നു. രാഷ്‌ട്രീയ കക്ഷികള്‍ക്ക് ലഭിക്കുന്ന സംഭാവനകള്‍ സുതാര്യമാക്കാന്‍ ലക്ഷ്യമിട്ടാണ് തെരഞ്ഞെടുപ്പ് കടപ്പത്രങ്ങള്‍ ഇറക്കാന്‍ തീരുമാനിച്ചത്. അതേസമയം സംഭാവന നല്‍കുന്നവര്‍ക്ക് സംരക്ഷണം നല്‍കണമെന്നും അവര്‍ക്ക് യാതൊരു പ്രത്യാഘാതങ്ങളും ഉണ്ടാകാന്‍ പാടില്ലെന്നും ബിജെപി തെരഞ്ഞെടുപ്പ് കമ്മിഷന് അയച്ച കത്തില്‍ പറയുന്നു (DMK).
തെരഞ്ഞെടുപ്പ് കടപ്പത്രങ്ങള്‍ വാങ്ങിയവരുടെ വിശദാംശങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് കത്ത് അയച്ചിട്ടുണ്ട്. കടപ്പത്രങ്ങള്‍ വാങ്ങിയവരുടെ അക്കൗണ്ട് വിവരങ്ങളും തീയതിയുമാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്. കമ്മിഷന് കൈമാറിയ വിശദാംശങ്ങള്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് നല്‍കിയിട്ടുണ്ടെന്നാണ് എസ്ബിഐ മറുപടി നല്‍കിയിരിക്കുന്നത് (Election Commission).
സമാജ് വാദി പാര്‍ട്ടി താരതമ്യേന കുറഞ്ഞ തുകകളായ പത്ത് ലക്ഷത്തിന്‍റെയും ഒരു ലക്ഷത്തിന്‍റെയും വിവരങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. അതേസമയം ഒരു കോടിയുടെ പത്ത് കടപ്പത്രങ്ങളുടെ വിവരങ്ങള്‍ പങ്കുവച്ചെങ്കിലും അത് തപാലിലാണ് ലഭിച്ചതെന്നും പേര് പരാമര്‍ശിച്ചിട്ടില്ലെന്നും എസ്‌പി വ്യക്തമാക്കുന്നു. ഡിഎംകെയ്ക്ക് ലഭിച്ച കടപ്പത്രങ്ങളില്‍ 77ശതമാനവും സാന്‍റിയാഗോ മാര്‍ട്ടിന്‍റെ ഫ്യൂച്ചര്‍ ഗെയിമിംഗില്‍ നിന്നാണെന്ന് അവര്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. തങ്ങള്‍ക്ക് സംഭാവന നല്‍കിയവരെ സമീപിച്ച് അവര്‍ നല്‍കിയ സംഭാവനകളുടെ കണക്ക് ശേഖരിച്ച് വരികയാണെന്നും ഡിഎംകെ അറിയിച്ചിട്ടുണ്ട്.
സംഭാവന നല്‍കിയവരുടെ വിവരങ്ങള്‍ ആവശ്യമില്ലെന്നായിരുന്നു നേരത്തെ കമ്മിഷന്‍റെ നിലപാട്. എന്നാല്‍ ഇപ്പോള്‍ സുപ്രീം കോടതിയുടെ നിര്‍ദ്ദേശം അനുസരിച്ച് ദാതാക്കളില്‍ നിന്ന് വിവരങ്ങള്‍ തേടിക്കൊണ്ടിരിക്കുകയാണെന്നും ഡിഎംകെ വ്യക്തമാക്കി. ദാതാക്കളുടെ വിവരങ്ങള്‍ ലഭ്യമല്ലെന്നാണ് തെലുഗുദേശം പാര്‍ട്ടി വ്യക്തമാക്കിയിരിക്കുന്നത്.
കടപ്പത്രങ്ങള്‍ പാര്‍ട്ടി ഓഫിസിലേക്ക് തപാലിലാണ് എത്തിയതെന്നും ഇവ ഡ്രോപ് ബോക്‌സില്‍ നിക്ഷേപിക്കപ്പെടുകയായിരുന്നു എന്നുമാണ് തൃണമൂല്‍ കോണ്‍ഗ്രസ് വെളിപ്പെടുത്തിയത്. ചിലത് മെസെഞ്ചര്‍ വഴി ലഭിച്ചെന്നും പാര്‍ട്ടിയുടെ അഭ്യുദയകാംക്ഷികളായ അവര്‍ക്ക് തങ്ങളുടെ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ താത്പര്യമില്ലെന്നും തൃണമൂല്‍ കോണ്‍ഗ്രസ് പറയുന്നു.
കടപ്പത്രങ്ങള്‍ വാങ്ങി സംഭാവന നല്‍കിയവരുടെ വിവരങ്ങള്‍ ശേഖരിച്ചിട്ടില്ലെന്നാണ് എന്‍സിപി അറിയിച്ചത്. തങ്ങളുടെ ഭാരവാഹികളില്‍ പലരും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരക്കിലായിരുന്നുവെന്നും ആ സമയത്ത് എങ്ങനെയാണ് ഇവരുടെ വിവരങ്ങള്‍ സൂക്ഷിക്കുകയെന്നും എന്‍സിപി ചോദിക്കുന്നു.
മുപ്പത് ലക്ഷം രൂപയുടെ കടപ്പത്രം വാങ്ങിയ വി എം സാല്‍ഗോയങ്കര്‍ ആന്‍ഡ് ബ്രദേഴ്‌സിനോട് അവരുടെ വിവരങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് ഗോവ കോണ്‍ഗ്രസ് അറിയിച്ചിട്ടുള്ളത്. ഒന്നരക്കോടിയുടെ കടപ്പത്രത്തിന്‍റെ വിശദാംശങ്ങള്‍ ഇപ്പോള്‍ ലഭ്യമല്ലെന്നാണ് ആര്‍ജെഡി അറിയിച്ചിരിക്കുന്നത്. തങ്ങളുടെ ഓഫിസില്‍ ആരോ കൊണ്ടിട്ട ഒരു കവറിലെ പത്ത് കോടി രൂപയുടെ തെരഞ്ഞെടുപ്പ് കടപ്പത്രങ്ങള്‍ തങ്ങള്‍ പണമാക്കി മാറ്റുകയായിരുന്നു എന്നാണ് നിതീഷ് കുമാറിന്‍റെ ജനതാദള്‍(യുണൈറ്റഡ്) വ്യക്തമാക്കിയിട്ടുള്ളത്.