റാഞ്ചി : കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജയിലിൽ കഴിയുന്ന ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറന്‍റെ സ്വത്തുക്കൾ കണ്ടുകെട്ടി എൻഫോഴ്‌സ്‌മെൻ്റ് ഡയറക്‌ടറേറ്റ്. സോറൻ്റെ ഉടമസ്ഥതയിലുള്ള 31 കോടി രൂപ വിലമതിക്കുന്ന റാഞ്ചിയിലെ 8.86 ഏക്കർ ഭൂമി കണ്ടുകെട്ടിയതായി ഫെഡറൽ ഏജൻസി അറിയിച്ചു.
48 കാരനായ സോറൻ ഉൾപ്പെടെ ഭാനു പ്രതാപ് പ്രസാദ്, രാജ് കുമാർ പഹാൻ, ഹിലാരിയസ് കച്ചപ്, ബിനോദ് സിങ് തുടങ്ങി അഞ്ച് പേർക്കെതിരെ മാർച്ച് 30 ന് കള്ളപ്പണം വെളുപ്പിക്കൽ തടയുന്നതിനുള്ള പ്രത്യേക കോടതിയിൽ ഇഡി കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇന്നലെയാണ് കേസ് പ്രോസിക്യൂഷൻ കോടതി പരിഗണിച്ചതെന്ന് ഇഡി പ്രസ്‌താവനയിലൂടെ അറിയിച്ചു.
കേസിൽ ജനുവരിയിൽ റാഞ്ചിയിലെ ഔദ്യോഗിക വസതിയിൽ വച്ച് സോറനെ ചോദ്യം ചെയ്‌തതിന് ശേഷം ഇഡി അറസ്റ്റ് ചെയ്‌തിരുന്നു. അറസ്റ്റിന് തൊട്ടുമുമ്പ് അദ്ദേഹം മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. നിലവിൽ റാഞ്ചിയിലെ ഹോത്‌വാറിലെ ബിർസ മുണ്ട സെൻട്രൽ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുകയാണ് അദ്ദേഹം.
സർക്കാർ ഉദ്യോഗസ്ഥർ ഉൾപ്പെടെ നിരവധി പേർക്കെതിരെ ഭൂമി തട്ടിപ്പ് കേസുകളിൽ ജാർഖണ്ഡ് പൊലീസ് രജിസ്റ്റർ ചെയ്‌ത ഒന്നിലധികം എഫ്ഐആറുകളിൽ നിന്നാണ് കള്ളപ്പണം വെളുപ്പിക്കൽ സംബന്ധിച്ചും ഇഡി അന്വേഷണം ആരംഭിച്ചത്.
Also Read:സുനിത കെജ്‌രിവാളിനെ സന്ദര്‍ശിച്ച് ഹേമന്ത് സോറന്‍റെ ഭാര്യ കല്‍പ്പന