ന്യൂഡൽഹി : ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ വസതിയിലെത്തി എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് (ഇഡി). ഡല്‍ഹി മദ്യനയക്കേസില്‍ കെജ്‌രിവാളിന് സമന്‍സ് നല്‍കാനാണ് നേരിട്ട് എത്തിയതെന്നാണ് ഇഡി അറിയിച്ചത്. എട്ട് ഉദ്യേഗസ്ഥരടങ്ങുന്ന സംഘമാണ് കെജ്‌രിവാളിന്‍റെ വസതിയിലെത്തിയത്. ഇഡി അയച്ച 9 സമൻസുകൾ കെജ്‌രിവാള്‍ ഒഴിവാക്കിയിരുന്നു. മുഖ്യമന്ത്രിയുടെ വസതിയിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥർക്ക് ഇഡി സമൻസ് കൈമാറിയെന്നാണ് വിവരം.
കേസിലെ നടപടികളിൽ നിന്ന് കെജ്‌രിവാളിന് സംരക്ഷണം നൽകാൻ ഡൽഹി ഹൈക്കോടതി ഇന്ന് വിസമ്മതിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇഡി വസതിയിലെത്തിയത്. ഇഡി സമൻസ് ചോദ്യം ചെയ്‌തുകൊണ്ടുള്ള കെജ്‌രിവാളിന്‍റെ ഹർജി ഏപ്രിൽ 22 ന് വാദം കേള്‍ക്കാനായി മാറ്റുകയായിരുന്നു. ഡൽഹി സർക്കാരിന്‍റെ 2021-22 ലെ എക്‌സൈസ് നയം രൂപീകരിക്കുന്നതിലും നടപ്പിലാക്കുന്നതിലും അഴിമതിയും കള്ളപ്പണം വെളുപ്പിക്കലും നടത്തിയെന്നാണ് കെജ്‌രിവാളിനെതിരെയുള്ള കേസ്. കേസ് പിന്നീട് റദ്ദാക്കപ്പെട്ടിരുന്നു. കേസിൽ എഎപി നേതാക്കളായ മനീഷ് സിസോദിയയും സഞ്ജയ് സിങ്ങും നിലവില്‍ ജുഡീഷ്യൽ കസ്‌റ്റഡിയിലാണ്. ഇഡി സമർപ്പിച്ച കുറ്റപത്രത്തിൽ കെജ്‌രിവാളിന്‍റെ പേര് ഒന്നിലധികം തവണ പരാമർശിച്ചിട്ടുണ്ട്.
Also Read : അരവിന്ദ് കെജ്‌രിവാളിന് 'വീണ്ടും' സമൻസ്; ഡല്‍ഹി മുഖ്യമന്ത്രിക്ക് ഇഡി നോട്ടിസ് അയക്കുന്നത് 9-ാം തവണ