ന്യൂഡൽഹി : കോണ്‍ഗ്രസിനെതിരെ കർണാടക ബിജെപിയുടെ ആക്ഷേപകരമായ പോസ്‌റ്റ് നീക്കാത്തതിനെതിരെ തെരഞ്ഞെടുപ്പ് കമ്മിഷൻ. പ്രസ്‌തുത പോസ്റ്റ് ഉടന്‍ നീക്കം ചെയ്യണമെന്ന് മൈക്രോ ബ്ലോഗിങ് സൈറ്റായ എക്‌സിന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശം നല്‍കി. ബിജെപിയുടെ ഔദ്യോഗിക എക്‌സ് ഹാന്‍ഡിലിൽ കോൺഗ്രസിനെതിരായി ആക്ഷേപകരമായ പോസ്‌റ്റ് പങ്കിട്ടതിനെതിരെ നിയമപരമായി സാധുതയുള്ള കത്ത് നൽകിയിട്ടും പോസ്റ്റ് നീക്കം ചെയ്യാത്തതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ നടപടി.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും സംവരണ തർക്കത്തില്‍ ഏര്‍പ്പെടുന്ന തരത്തിലുള്ള ആനിമേറ്റഡ് വീഡിയോ ബിജെപിയുടെ സംസ്ഥാന ഘടകം മെയ് 4 ന് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ പോസ്‌റ്റ് ചെയ്‌തു. 17 സെക്കൻഡ് ദൈർഘ്യമുള്ള ക്ലിപ്പാണ് അവർ പങ്കിട്ടത്. "സൂക്ഷിക്കുക.. സൂക്ഷിക്കുക.. സൂക്ഷിക്കുക..!" എന്ന് കന്നഡയിൽ പറഞ്ഞ് കൊണ്ടാണ് വീഡിയോ ഷെയർ ചെയ്‌തത്.
പിന്നാലെ, ബിജെപി കലാപമുണ്ടാക്കാനും ശത്രുത വളർത്താനും ശ്രമിക്കുന്നു എന്ന് ആരോപിച്ച് മെയ് 5 ന് കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി. കോൺഗ്രസിന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ കർണാടക ചീഫ് ഇലക്‌ടറൽ ഓഫിസർ ബിജെപി കർണാടകയുടെ എക്‌സ് ഹാൻഡിൽ നിന്ന് പോസ്‌റ്റ് നീക്കം ചെയ്യാൻ ആവശ്യപ്പെട്ടെങ്കിലും ഉത്തരവുണ്ടായിട്ടും ബിജെപി സംസ്ഥാന ഘടകം പോസ്റ്റ് നീക്കം ചെയ്‌തില്ല.
ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ, ഐടി സെൽ മേധാവി അമിത് മാളവ്യ, സംസ്ഥാന അധ്യക്ഷൻ ബി വൈ വിജയേന്ദ്ര എന്നിവർക്കെതിരെയാണ് കേസെടുത്തത്. ഇന്ത്യൻ ശിക്ഷ നിയമത്തിലെ 125, 505 (2) വകുപ്പുകൾ പ്രകാരമാണ് ബെംഗളൂരു ഹൈഗ്രൗണ്ട്സ് പൊലീസ് കേസെടുത്തത്. കർണാടകയിലെ 28 ലോക്‌സഭ സീറ്റുകളിലേക്കാണ് രണ്ട് ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടക്കുന്നത്. 14 സീറ്റുകളിലേക്ക് ഏപ്രിൽ 26ന് വോട്ടെടുപ്പ് നടന്നപ്പോൾ ബാക്കി 14 സീറ്റുകളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.