ന്യൂഡൽഹി: ലോക്‌സഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിന് മുന്നോടിയായി 150 ജില്ല മജിസ്ട്രേറ്റുമാരെയും കലക്‌ടർമാരെയും സ്വാധീനിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷ ശ്രമിച്ചുവെന്ന കോൺഗ്രസ് നേതാവ് ജയറാം രമേശിന്‍റെ വാദങ്ങൾ തെളിയിക്കാനുള്ള തെളിവുകൾ ഹാജരാക്കാൻ അധിക സമയം നൽകാനുള്ള അദ്ദേഹത്തിന്‍റെ അഭ്യർത്ഥന ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ പരിഗണിക്കാതെ തള്ളി.
അടുത്തിടെ ഒരു സോഷ്യൽ മീഡിയ പോസ്‌റ്റിൽ താൻ ഉന്നയിച്ച ആരോപണങ്ങളുടെ വസ്‌തുതാപരമായ വിശദാംശങ്ങൾ ഞായറാഴ്ച്ച വൈകുന്നേരത്തിനകം സമർപ്പിക്കാൻ ജയറാം രമേശിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു.മറുപടി നൽകാൻ ഒരാഴ്‌ച കൂടി ആവശ്യപ്പെട്ട് രമേശ് ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ് കത്തയച്ചു.
രമേശിന് അയച്ച കത്തിൽ, "കമ്മീഷൻ ഇതിനാൽ സമയം നീട്ടുന്നതിനുള്ള നിങ്ങളുടെ അഭ്യർത്ഥന പൂർണമായും നിരസിക്കുകയും നിങ്ങളുടെ ആരോപണത്തിന്‍റെ അടിസ്ഥാനവും വസ്‌തുതാപരവുമായ തെളിവ് സഹിതം നിങ്ങളുടെ പ്രതികരണം ഇന്ന്- ജൂൺ 3 വൈകുന്നേരം 7 മണിക്കകം സമർപ്പിക്കാൻ നിർദ്ദേശിക്കുകയും ചെയ്യുന്നു. ഇല്ലെങ്കിൽ, ഈ വിഷയത്തിൽ നിങ്ങൾക്ക് കാര്യമായ ഒന്നും പറയാനില്ലെന്നും ഉചിതമായ നടപടിയെടുക്കാൻ കമ്മീഷൻ മുന്നോട്ട് പോകുമെന്നും അനുമാനിക്കാം.'എന്ന് കമ്മീഷന്‍റെ കത്തിൽ പറഞ്ഞു.
റിട്ടേണിങ് ഓഫീസർമാരും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർമാരും കൂടിയായ 150 ഓളം പാർലമെന്‍റ് മണ്ഡലങ്ങളിലെ ജില്ലാ മജിസ്‌ട്രേറ്റുമാരെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന അദ്ദേഹത്തിന്‍റെ ആരോപണം ഗുരുതരമായ അർത്ഥവും ചൊവ്വാഴ്‌ച നടക്കാനിരിക്കുന്ന വോട്ടെണ്ണൽ പ്രക്രിയയുടെ പവിത്രതയെ നേരിട്ട് ബാധിക്കുന്നതായും കമ്മീഷൻ പറഞ്ഞു. താൻ ആരോപിക്കുന്ന തരത്തിലുള്ള അനാവശ്യ സ്വാധീനമൊന്നും ഒരു ഡിഎമ്മും റിപ്പോർട്ട് ചെയ്‌തിട്ടില്ലെന്ന് കമ്മീഷൻ പറഞ്ഞു.