അമരാവതി (ആന്ധ്രാപ്രദേശ്): ചിറ്റൂർ ജില്ലയിൽ നിന്ന് തട്ടിക്കൊണ്ടുപോയ മൂന്ന് ടിഡിപി (തെലുങ്കു ദേശം പാർട്ടി) പോളിങ് ഏജൻ്റുമാരെ കണ്ടെത്തി സുരക്ഷിതമാക്കിയതായി ആന്ധ്രാപ്രദേശ് ചീഫ് ഇലക്‌ടറൽ ഓഫിസർ (സിഇഒ) മുകേഷ് കുമാർ മീണ. ചിറ്റൂർ സദും മണ്ഡലത്തിലെ ബൊക്കരാമണ്ട ഗ്രാമത്തിൽ നിന്നാണ് ടിഡിപി ഏജൻ്റുമാരെ തട്ടിക്കൊണ്ടുപോയത്. പുംഗനുരു നിയമസഭ മണ്ഡലത്തിൽ ഉള്‍പ്പെടുന്ന പ്രദേശമാണിതെന്നും സിഇഒയുടെ ഓഫിസ് വാര്‍ത്തക്കുറിപ്പില്‍ അറിയിച്ചു.
188, 189, 199 പോളിങ് സ്റ്റേഷനുകളിലെ ടിഡിപി ഏജൻ്റുമാർ പോളിങ് സ്റ്റേഷനുകളിലേക്ക് പോകുമ്പോഴാണ് വൈഎസ്ആർസിപി നേതാക്കൾ തട്ടിക്കൊണ്ടുപോയതെന്ന് ടിഡിപി ജില്ല ഇൻചാർജ് ജഗൻ മോഹൻ രാജു പരാതിപ്പെട്ടു. അതിനെത്തുടർന്ന് ചിറ്റൂർ ജില്ല തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും പൊലീസും വേഗത്തിൽത്തന്നെ തട്ടിക്കൊണ്ടുപോയ ഏജൻ്റുമാരെ പിലേരുവിൽ നിന്ന് രക്ഷപ്പെടുത്തുകയായിരുന്നു.
തട്ടിക്കൊണ്ടുപോയവരെ തിരിച്ചറിയാൻ അന്വേഷണം നടക്കുകയാണെന്ന് മുകേഷ് കുമാർ മീണ വ്യക്തമാക്കി. ആന്ധ്രാപ്രദേശിലെ 25 ലോക്‌സഭ സീറ്റുകളിലേക്കും 175 നിയമസഭ സീറ്റുകളിലേക്കുമുള്ള വോട്ടെടുപ്പാണ് ഇന്ന് നടക്കുന്നത്.
Also Read : ലോക്‌സഭ തെരഞ്ഞെടുപ്പ് നാലാം ഘട്ടം: ജനവിധി തേടുന്നത് 1717 സ്ഥാനാര്‍ഥികൾ