ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അരുണ്‍ ഗോയലിന്‍റെ പെട്ടെന്നുള്ള രാജിയെക്കുറിച്ച് പ്രതികരിക്കാതെ ഒഴിഞ്ഞ് മാറി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍. അദ്ദേഹത്തിന്‍റെ സ്വകാര്യത മാനിക്കണമെന്നായിരുന്നു രാജീവ് കുമാര്‍ പ്രതികരിച്ചത്. കമ്മീഷനുള്ളിലെ അഭിപ്രായവ്യത്യാസങ്ങള്‍ അംഗീകരിക്കാറുണ്ടെന്നും അദ്ദേഹം ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയക്രമം അറിയിക്കാന്‍ വിളിച്ച് ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി(Arun Goel).
അരുണ്‍ ഗോയലിന് 2027 ഡിസംബര്‍ വരെ കാലാവധിയുള്ളപ്പോഴാണ് കഴിഞ്ഞ ശനിയാഴ്‌ച അപ്രതീക്ഷിതമായി അദ്ദേഹം രാജി വച്ചത്. തങ്ങളുടെ കൂട്ടത്തിലെ വളരെ സമര്‍ത്ഥനായ അംഗമായിരുന്നു അരുണ്‍ ഗോയലെന്നും രാജീവ് കുമാര്‍ പറഞ്ഞു. അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിക്കുന്നത് താന്‍ ഏറെ ആസ്വദിച്ചിരുന്നെന്നും മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ വ്യക്തമാക്കി. എന്നാല്‍ എല്ലാ സ്ഥാപനങ്ങളും വ്യക്തികളുടെ സ്വകാര്യ ഇടങ്ങള്‍ക്ക് പ്രാധാന്യം നല്‍കേണ്ടതുണ്ട്. അവിടെ നമ്മള്‍ ഇടപെടാന്‍ പാടില്ല. സ്വകാര്യ ചോദ്യങ്ങള്‍ ആരോടും ചോദിക്കാന്‍ പാടില്ലെന്നും രാജീവ്കുമാര്‍ ചൂണ്ടിക്കാട്ടി(election commissioner).
രാജി വയ്ക്കാന്‍ അദ്ദേഹത്തിന് വ്യക്തിപരമായ കാരണങ്ങള്‍ ഉണ്ടെങ്കില്‍ നാമത് മാനിക്കണം. രാജീവ് കുമാറുമായുള്ള അഭിപ്രായ ഭിന്നതകളെ തുടര്‍ന്നാണ് ഗോയല്‍ രാജി വച്ചതെന്നാണ് അഭ്യൂഹം. ഇക്കാര്യത്തില്‍ നേരിട്ട് പ്രതികരിച്ചില്ലെങ്കിലും തെരഞ്ഞെടുപ്പ് കമ്മീഷനില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ പ്രോത്സാഹിപ്പിക്കാറുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. അത്തരമൊരു കീഴ്‌വഴക്കം കമ്മീഷനിലുണ്ട്. ഇതൊരു സങ്കീര്‍ണമായ പ്രക്രിയ ആണ്. ഒന്നിനെക്കാള്‍ മൂന്ന് മനസുകളുള്ളതാണ് നല്ലത്. പ്രശ്നങ്ങള്‍ക്ക് മുകളിലാണ് തങ്ങളുടെ ഉറക്കം. അവ പരിഹരിക്കാന്‍ സമയമെടുത്ത് അത് പരിഹരിക്കും(CEC).
ഐഎഎസ് ഉദ്യോഗസ്ഥരായ ഗ്യാനേഷ്കുമാര്‍, സുഖ്ബിര്‍ സന്ധു എന്നിവരെ കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായി നിയോഗിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ഒരു തെരഞ്ഞെടുപ്പ് സമിതിയാണ് ഇവരുടെ പേരുകള്‍ നിര്‍ദ്ദേശിച്ചത്. മറ്റൊരു തെരഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന അനുപ് ചന്ദ്ര പാണ്ഡെ ഫെബ്രുവരിയില്‍ വിരമിച്ചിരുന്നു.അടുത്ത വർഷം ഫെബ്രുവരിയിൽ നിലവിലെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ വിരമിച്ചാൽ പിൻഗാമിയായി ഗോയൽ നിയമിതനാകുമായിരുന്നു.
Also Read: മോദിയുടെ ഗ്യാരണ്ടിയെ വെല്ലാന്‍ ന്യായ് ഗ്യാരണ്ടി ; പാര്‍ട്ടികളുടെ ആവനാഴിയില്‍ എന്തൊക്കെ
2022 നവംബര്‍ 21നാണ് അരുണ്‍ ഗോയല്‍ തെരഞ്ഞെടുപ്പ് കമ്മിഷണറായി നിയമിക്കപ്പെട്ടത്. തെരഞ്ഞെടുപ്പ് കമ്മിഷണര്‍ നിയമനവുമായി ബന്ധപ്പെട്ട ഹര്‍ജി ഭരണഘടന ബെഞ്ച് പരിഗണിക്കുന്നതിനിടെ ആയിരുന്നു അരുണ്‍ ഗോയലിന്‍റെ നിയമനം. ഘനവ്യവസായ മന്ത്രാലയത്തില്‍ സെക്രട്ടറിയായിരുന്ന ഗോയലിനെ സ്വമേധയാ വിരമിക്കാന്‍ അവസരം നല്‍കി തെരഞ്ഞെടുപ്പ് കമ്മിഷണറായി നിയമിക്കുകയായിരുന്നു. സര്‍വീസില്‍ നിന്ന് സ്വമേധയാ വിരമിച്ചതിന് തൊട്ടടുത്ത ദിവസമാണ് അരുണ്‍ ഗോയല്‍ തെരഞ്ഞെടുപ്പ് കമ്മിഷണറായി നിയമിതനായത്.