ഹൈദരാബാദ് : പ്രത്യാശയുടെ സന്ദേശമുയര്‍ത്തി ക്രൈസ്‌തവ വിശ്വാസികള്‍ ഇന്ന് ഈസ്റ്റര്‍ ആഘോഷിക്കും. പീഡാനുഭവങ്ങള്‍ക്കും കുരിശു മരണത്തിനും ശേഷം യേശു ഉയിര്‍ത്തെഴുന്നേറ്റതിന്‍റെ ഓര്‍മ പുതുക്കലാണ് ഈസ്റ്റര്‍. ലോകത്തിന്‍റെ പാപങ്ങള്‍ ചുമലിലേറ്റി ഗാഗുൽത്താമലയിൽ കുരിശുമരണം വരിച്ച യേശുദേവൻ മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റു എന്നാണ് വിശ്വാസം.
ശനിയാഴ്‌ച (മാര്‍ച്ച് 30) അര്‍ധ രാത്രി മുതല്‍ തന്നെ ആരാധനാലയങ്ങളില്‍ ഈസ്റ്റര്‍ ആഘോഷങ്ങള്‍ ആരംഭിച്ചിരുന്നു. അമ്പത് നോമ്പിന്‍റെ അവസാനം എന്നതും ഈസ്റ്ററിന്‍റെ പ്രത്യേകതയാണ്. തിന്മയുടെയും അസത്യത്തിന്‍റെയും ജയം താത്‌കാലികം മാത്രമാണെന്നും വളഞ്ഞവഴികൾ തേടാതെ കഷ്‌ടങ്ങൾ സഹിച്ചും സത്യത്തിനു വേണ്ടി നിലകൊള്ളണം എന്നും ആണ് ഈസ്റ്റര്‍ നല്‍കുന്ന സന്ദേശം.
ഈസ്റ്ററിനോടനുബന്ധിച്ച് ലോകത്തെ നിരവധി ദേവാലയങ്ങളില്‍ പ്രത്യേക ശുശ്രൂഷകളും പ്രാര്‍ഥനകളും നടന്നു. വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്‌സ് ബസിലിക്കയിലെ പ്രാര്‍ഥനകള്‍ക്ക് പോപ്പ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ നേതൃത്തം നല്‍കി. ഈസ്റ്റര്‍ പ്രാര്‍ഥനകള്‍ക്കായി വീല്‍ചെയറിലാണ് മാര്‍പ്പാപ്പ ബസിലിക്കയില്‍ എത്തിയത്.
സംസ്ഥാനത്തെ വിവിധ ദേവാലയങ്ങളിലും പ്രത്യേക പ്രാര്‍ഥനകള്‍ നടന്നു. അതേസമയം, രാജ്യത്തെ ക്രൈസ്‌തവ വിശ്വാസികള്‍ക്ക് രാഷ്‌ട്രപതി ദ്രൗപതി മുര്‍മു ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്നു.