ഝാൻസി (ഉത്തർപ്രദേശ്): ഉത്തർപ്രദേശിലെ ഝാൻസി മെഡിക്കൽ കോളേജിലെ നവജാത ശിശുക്കളുടെ തീവ്രപരിചരണ വിഭാഗത്തിലുണ്ടായ (NICU) വന്‍ തീപിടിത്തത്തിൽ 10 നവജാത ശിശുക്കൾക്ക് ദാരുണാന്ത്യം. നിരവധി കുഞ്ഞുങ്ങളുടെ നില ഗുരുതരമാണ്. തീപിടിത്തമുണ്ടായ എൻഐസിയു വാർഡിൽ 54 നവജാതശിശുക്കളെ പ്രവേശിപ്പിച്ചിട്ടുണ്ടായെന്നും നിരവധി കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തിയതായും ആശുപത്രി അധികൃതർ അറിയിച്ചു. ആശുപത്രിയിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും അവർ പറഞ്ഞു.
വൈദ്യുതി ഷോർട്ട് സർക്യൂട്ട് മൂലമാകാം തീപിടിത്തമുണ്ടായതെന്ന് ജില്ലാ മജിസ്‌ട്രേറ്റ് (ഡിഎം) അവിനാഷ് കുമാർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. മുറിയിൽ ഓക്‌സിജൻ കൂടുതലായതിനാൽ തീ പെട്ടെന്ന് പടർന്നതെന്നും നിരവധി കുട്ടികളെ രക്ഷിക്കാനായെന്നും ഝാൻസി മെഡിക്കൽ കോളേജിലെ ചീഫ് മെഡിക്കൽ സൂപ്രണ്ട്, സച്ചിൻ മഹോർ പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
'NICU വാർഡിൽ 54 കുഞ്ഞുങ്ങളെ പ്രവേശിപ്പിച്ചിരുന്നു. പെട്ടെന്ന് ഓക്‌സിജൻ കോൺസെൻട്രേറ്ററിനുള്ളിൽ നിന്ന് തീ പടർന്നു, തീ അണയ്ക്കാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും മുറിയിൽ ഓക്‌സിജൻ കൂടുതലായതിനാൽ തീ പെട്ടെന്ന് പടർന്നു. നിരവധി കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തി. 10 കുഞ്ഞുങ്ങൾ മരിച്ചു. പരിക്കേറ്റ കുഞ്ഞുങ്ങൾ ചികിത്സയിലാണ്,' ഝാൻസി മെഡിക്കൽ കോളേജിലെ ചീഫ് മെഡിക്കൽ സൂപ്രണ്ട്, സച്ചിൻ മഹോർ പറഞ്ഞു.
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദുരിതാശ്വാസ പ്രവർത്തനങ്ങൾ ദ്രുതഗതിയിലാക്കാന്‍ ജില്ലാ ഭരണകൂടത്തിന് നിർദ്ദേശം നൽകി. തന്‍റെ എക്‌സിലൂടെ മുഖ്യമന്ത്രി മരിച്ച ശിശുക്കളുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുകയും ചെയ്‌തു.
'ഝാൻസി ജില്ലയിൽ സ്ഥിതി ചെയ്യുന്ന മെഡിക്കൽ കോളേജിലെ എൻഐസിയുവിൽ ഉണ്ടായ അപകടത്തിൽ കുട്ടികൾ മരിച്ചത് അങ്ങേയറ്റം ദുഃഖകരവും ഹൃദയഭേദകവുമാണ്. ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ ജില്ലാ ഭരണകൂടത്തിനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്,' മുഖ്യമന്ത്രി എക്‌സില്‍ കുറിച്ചു.
जनपद झांसी स्थित मेडिकल कॉलेज के NICU में घटित एक दुर्घटना में हुई बच्चों की मृत्यु अत्यंत दुःखद एवं हृदयविदारक है।
— Yogi Adityanath (@myogiadityanath) November 15, 2024
जिला प्रशासन तथा संबंधित अधिकारियों को युद्ध स्तर पर राहत एवं बचाव कार्यों को संचालित कराने के निर्देश दिए हैं।
प्रभु श्री राम से प्रार्थना है कि दिवंगत आत्माओं…
വിഷയത്തിൽ 12 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് ഡിവിഷണൽ കമ്മീഷണർ ബിമൽ കുമാർ ദുബെയ്ക്കും ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ (ഝാൻസി പോലീസ് റേഞ്ച്) കലാനിധി നൈതാനിക്കും മുഖ്യമന്ത്രി നല്‍കിയ നിർദ്ദേശം.