ലഖ്‌നൗ: വിമാനത്തിലിരിന്നു മദ്യപിച്ച യാത്രക്കാരൻ എയർ ഹോസ്റ്റസിനോട് അപമര്യാദയായി പെരുമാറിയതായി പരാതി. ദുബായിയില്‍ നിന്ന് ലഖ്‌നൗവിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനത്തിലാണ് സംഭവം. അപമര്യാദയായി പെരുമാറിയ ഹരികേഷ് കുമാറിനെതിരെ ക്യാബിൻ ക്രൂ അംഗങ്ങള്‍ പരാതി പുസ്‌തകത്തിൽ പരാതി നൽകി. സംഭവത്തില്‍ ഇതുവരെ കേസ് രജിസ്‌റ്റര്‍ ചെയ്‌തിട്ടില്ലെന്നാണ് വിവരം.
എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനം കറാച്ചിക്ക് മുകളിലൂടെ പറക്കുമ്പോഴാണ് യാത്രക്കാരൻ പിൻസീറ്റിൽ ഇരുന്ന് മദ്യപിക്കുന്നത് എയർ ഹോസ്റ്റസ് ശ്രദ്ധിച്ചത്. ഇത് വിലക്കിയ എയര്‍ഹോസ്‌റ്റസിനെ ഇയാള്‍ തള്ളിയിടുകയും അസഭ്യം പറയുകയും ചെയ്‌തു എന്നാണ് പരാതി. യാത്രക്കാരന്‍ ബഹളം തുടര്‍ന്നപ്പോള്‍, മദ്യപാനം നിർത്തിയില്ലെങ്കിൽ കറാച്ചിയിലെ ജിന്ന അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ ഇറങ്ങുമെന്ന് എയർഹോസ്റ്റസ് മുന്നറിയിപ്പ് നൽകി.
തുടര്‍ന്ന് ഇവര്‍ പൈലറ്റിനെ വിവരമറിയിച്ചു. വിമാനം ചൗധരി ചരൺ സിങ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയ ശേഷം ഇയാളെ സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സിന് (സിഐഎസ്എഫ്) കൈമാറി. എന്നാൽ, രേഖാമൂലം പരാതി ലഭിക്കാത്തതിനാൽ ഇയാളെ താക്കീത് നൽകി വിട്ടയച്ചു. എയർലൈൻ അധികൃതർ ഡിജിസിഎ വിവരമറിയിച്ചെന്നും ഡിജിസിഎ വിമാനയാത്രകളില്‍ നിന്ന് ഇയാളെ വിലക്കിയെന്നും ലഖ്‌നൗ എയർപോർട്ട് ഉദ്യോഗസ്ഥർ പറഞ്ഞു.