ബെംഗളൂരു: കഴിഞ്ഞ ഒരാഴ്‌ചക്കിടെ ബെംഗളൂരുവില്‍ നിന്ന് പിടികൂടിയത് 2.74 കോടിയുടെ മയക്ക് മരുന്ന്. മൂന്ന് ആഫ്രിക്കന്‍ പൗരന്മാര്‍ അടക്കം 8 പേര്‍ അറസ്‌റ്റിലായി. നൈജീരിയയില്‍ നിന്നുള്ള അഗസ്‌റ്റിൻ നോൺസോ (39), യൂഡറിക് ഫിഡെലിസ് (34), എറിംഹെൻ സ്‌മാർട്ട് (40) എന്നിവരും വിവിപുരം, കോട്ടൺ പേട്ട്, കൊട്ടന്നൂർ എന്നിവിടങ്ങളില്‍ നിന്നുള്ളവരുമാണ് പിടിയിലായത്.
വിദേശികളില്‍ നിന്ന് 50 ലക്ഷം രൂപയുടെ എംഡിഎംഎയാണ് കണ്ടെടുത്തത്. ബിസിനസ്, മെഡിക്കൽ വിസയിൽ ഇന്ത്യയിലെത്തിയ സംഘം ബെംഗളൂരുവിലാണ് താമസിച്ചിരുന്നത്. ഗോവ, മുംബൈ, ഡൽഹി എന്നിവിടങ്ങളിലുള്ള മറ്റ് നൈജീരിയക്കാരില്‍ നിന്ന് കുറഞ്ഞ വിലയില്‍ മയക്കുമരുന്ന് വാങ്ങി ബെംഗളൂരുവില്‍ വില്‍പ്പന നടത്തുകയായിരുന്നു സംഘം.
ബെംഗളൂരുവിന്‍റെ വിവിധയിടങ്ങളില്‍ നിന്ന് പിടികൂടിയവരില്‍ നിന്ന് കഞ്ചാവ്, എൽഎസ്‌ഡി, ചരസ്, ഹാഷിഷ് ഓയിൽ, കൊക്കെയ്ൻ എന്നിവയും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം കൂടുതല്‍ വ്യാപിക്കാനാണ് പൊലീസ് ശ്രമം.