ന്യൂഡൽഹി: കത്വ ഭീകരാക്രമണത്തിൽ അഞ്ച് സൈനികർക്ക് ജീവൻ നഷ്‌ടപ്പെട്ട സംഭവത്തെ അപലപിച്ചുകൊണ്ട് ശക്തമായ പ്രതിരോധ നടപടികൾക്ക് ആഹ്വാനം ചെയ്‌ത് പ്രസിഡൻ്റ് ദ്രൗപതി മുർമു. ഭീരുത്വം നിറഞ്ഞ നടപടിയാണിതെന്ന് മുർമു വിശേഷിപ്പിച്ചു.
"ജമ്മു കശ്‌മീരിലെ കത്വ ജില്ലയിൽ സൈനികരുടെ വാഹനവ്യൂഹത്തിന് നേരെ ഭീകരർ നടത്തിയ ആക്രമണം അപലപനീയവും, ശക്തമായ പ്രതിരോധ നടപടികൾ അർഹിക്കുന്ന ഭീരുത്വമാണ്. തീവ്രവാദത്തിനെതിരായ പോരാട്ടത്തിൽ ജീവൻ ബലിയർപ്പിച്ച ധീരരായവരുടെ കുടുംബത്തിന്‍റെ ദുഖത്തില്‍ പങ്കുചേരുന്നു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് പ്രാർഥിക്കുന്നു". സമൂഹമാധ്യമമായ എക്‌സിൽ പ്രസിഡൻ്റ് മുർമു കുറിച്ചു.
The attack on a convoy of Army personnel in Kathua district of Jammu and Kashmir by terrorists is a cowardly act that deserves condemnation and firm counter-measures. My sympathies are with the families of the bravehearts who laid down their lives in this ongoing war against…
— President of India (@rashtrapatibhvn) July 9, 2024
ജീവൻ നഷ്‌ടപ്പെട്ട സൈനികരുടെ കുടുംബങ്ങളോട് പ്രതിരോധ മന്ത്രാലയവും അനുശോചനം രേഖപ്പെടുത്തി. "രാജ്യത്തിനായുള്ള അവരുടെ നിസ്വാർഥ സേവനം എപ്പോഴും ഓർമ്മിക്കപ്പെടുകതന്നെ ചെയ്യും. ആക്രമണത്തിന് പിന്നിലുളളവരെ ഇന്ത്യ പരാജയപ്പെടുത്തും". വക്താവ് എക്‌സിലെ പോസ്റ്റിലൂടെ പറഞ്ഞു.
ജൂലൈ എട്ടിന് ജമ്മു കശ്‌മീരിലെ കത്വ ജില്ലയിൽ ഭീകരർ നടത്തിയ ആക്രമണത്തിൽ അഞ്ച് സൈനികർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. ആക്രമണത്തെത്തുടർന്ന് ജമ്മു-ശ്രീനഗർ ദേശീയ പാതയിൽ സുരക്ഷ ശക്തമാക്കുകയും സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ് (സിഐഎസ്എഫ്), സെൻട്രൽ റിസർവ് പൊലീസ് ഫോഴ്‌സ് (സിആർപിഎഫ്), ജമ്മു കശ്മീർ പൊലീസ് ഉദ്യോഗസ്ഥർ എന്നിവരെ ഉധംപൂരിലെ ദേശീയ പാതയിൽ (എൻഎച്ച് 44) വിന്യസിച്ചു.
അമർനാഥിലേക്ക് പോകുന്ന തീർഥാടകരുടെ പതിനൊന്നാമത് സംഘം ചൊവ്വാഴ്‌ച (ജൂലൈ 9) രാവിലെ ഉധംപൂരിലൂടെ കടന്നുപോകുന്ന സാഹചര്യത്തിലാണ് ഈ നടപടി സ്വീകരിച്ചത്. തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കാൻ വിവിധ തലങ്ങളിലുള്ള ക്രമീകരണങ്ങളാണ് സുരക്ഷാ സേന ഒരുക്കിയിരിക്കുന്നത്. ജൂൺ 9 മുതൽ റിയാസി, കത്വ, ദോഡ എന്നിവിടങ്ങളിലെ നാലിടങ്ങളിൽ നടന്ന ഭീകരാക്രമണങ്ങളിൽ ഒരു സിവിലിയനും ഏഴ് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ഒമ്പത് തീർത്ഥാടകരും ഒരു സെൻട്രൽ റിസർവ് പൊലീസ് ഫോഴ്‌സ് (സിആർപിഎഫ്) ജവാന്‍ കൊല്ലപ്പെടുകയും ചെയ്‌തിരുന്നു.
Also Read: 'ഭീകരാക്രമണങ്ങൾക്ക് പരിഹാരം കാണേണ്ടത് പൊള്ളയായ പ്രസംഗങ്ങളിൽ നിന്നല്ല': രാഹുൽ ഗാന്ധി