ശിവമോഗ: നായ മനുഷ്യന്‍റെ ഏറ്റവും അടുത്ത സുഹൃത്തെന്നാണ് പൊതുവെ പറയപ്പെടാറുള്ളത്. ഇതിന് അടിവരയിടുന്ന ഒരു നൊമ്പരക്കാഴ്‌ചയാണ് കര്‍ണാടകയിലെ ശിവമോഗയില്‍ ആളുകള്‍ക്ക് കാണേണ്ടി വന്നത്. അസുഖത്തെ തുടര്‍ന്ന് മരണപ്പെട്ട തന്‍റെ യജമാനനെത്തേടി 15 ദിവസമാണ് ഒരു നായ തുടര്‍ച്ചയായി ആശുപത്രിയിലേക്ക് എത്തിയത്.
ശിവമോഗ ജില്ലയിലെ ഹോളെഹോന്നൂരുവിലാണ് സംഭവം. ഹോളെഹോന്നൂരു ടൗണിലെ കണ്ണേക്കൊപ്പ സ്വദേശി പാലാക്ഷപ്പയെ നെഞ്ചുവേദനയെത്തുടര്‍ന്ന് ഇവിടുത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചുവെന്നാണ് വിവരം. ഗുരുതരാവസ്ഥയിലായ പാലാക്ഷപ്പയെ ശിവമോഗ ആശുപത്രിയിലേക്ക് റഫർ ചെയ്തെങ്കിലും അയാള്‍ മരണത്തിന് കീഴടങ്ങി.

എന്നാല്‍ പാലാപ്പയെ തേടി ഇയാളെ പ്രവേശിപ്പിച്ച വാർഡിന് പുറത്ത് കാത്തിരിക്കുകയായിരുന്നു നായ. തെരുവ് നായയാണെന്നു കരുതി ആശുപത്രി ജീവനക്കാര്‍ അതിനെ പലകുറി ഓടിച്ചിരുന്നു. എന്നാല്‍ തിരിച്ചെത്തിയ നായ അതേ വാര്‍ഡിന് മുന്നില്‍ വീണ്ടും നിലയുറപ്പിച്ചു. ആശുപത്രിയിലേക്ക് വരുന്ന ആളുകളെ നോക്കി കുരയ്‌ക്കുകയും ചെയ്‌തു.
ഓടിച്ച് വിട്ടിട്ടും ദിവസവും ആശുപത്രിയിലേക്ക് എത്തുന്ന നായയെപ്പറ്റി നാട്ടുകാരോട് അന്വേഷിച്ചപ്പോഴാണ് ഉടമസ്ഥനോടുള്ള അതിന്‍റെ കൂറ് അധികൃതര്‍ തിരിച്ചറിയുന്നത്. എന്നാല്‍ ആശുപത്രിയില്‍ എത്തുന്ന ആരെയെങ്കിലും നായ ആക്രമിച്ചാലോ എന്നു ഭയന്ന അവര്‍ ഇതേക്കുറിച്ച് പഞ്ചായത്ത് അധികൃതരെ വിവരം അറിയിച്ചു. ഒടുവില്‍ പഞ്ചായത്ത് അധികൃതർ എത്തുകയും നായയെ മറ്റൊരിടത്തേക്ക് മാറ്റുകയും ചെയ്‌തു.