ന്യൂഡൽഹി : ഡല്‍ഹി മെട്രോയ്ക്കുള്ളില്‍ ഹോളി ആഘോഷിക്കുന്ന പെണ്‍കുട്ടികള്‍ എന്ന തരത്തില്‍ സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോയില്‍ വിശദീകരണവുമായി ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ (ഡിഎംആർസി). വീഡിയോയുടെ ആധികാരികതയില്‍ സംശയമുണ്ടെന്നും ദൃശ്യം ഡീപ്‌ഫേക്ക് സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മിച്ചതാണോയെന്ന് സംശയിക്കുന്നതായും ഡിഎംആർസി പറഞ്ഞു. മെട്രോ കോച്ചിനുള്ളിൽ ഇരുന്ന് രണ്ട് സ്‌തീകൾ പരസ്‌പരം മുഖത്ത് ഹോളി ചായങ്ങള്‍ തേക്കുന്നതാണ് വീഡിയോയിലുള്ളത്. പശ്ചാത്തലത്തിൽ ഒരു ഹിന്ദി സിനിമാ ഗാനവുമുണ്ട്.
'മെട്രോയ്ക്കുള്ളിൽ ഷൂട്ട് ചെയ്‌ത ഈ വീഡിയോയുടെ ആധികാരികത പ്രഥമദൃഷ്‌ട്യാ സംശയാസ്‌പദമാണ്. വീഡിയോ സൃഷ്‌ടിക്കാൻ ഡീപ്‌ഫേക്ക് സാങ്കേതികവിദ്യ ഉപയോഗിച്ചിരിക്കാന്‍ സാധ്യത ഉണ്ട്'- ഡിഎംആർസി പ്രസ്‌താവനയിൽ പറയുന്നു.
ഇത്തരം സംഭവങ്ങളോടുള്ള ശക്തമായ വിയോജിപ്പും ഡിഎംആർസി അറിയിച്ചു. തങ്ങളുടെ നയങ്ങൾ ലംഘിക്കുന്ന ഇത്തരം റീലുകളോ വീഡിയോകളോ നിര്‍മിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ഡിഎംആർസി വ്യക്തമാക്കി. യാത്രക്കാർക്ക് മാന്യമായ സൗകര്യം ഒരുക്കുന്നതിന് തങ്ങളുടെ മാർഗ നിർദ്ദേശങ്ങൾ പാലിക്കണമെന്നും ഡിഎംആർസി വ്യക്തമാക്കി.
വീഡിയോ വയറലായതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. വീഡിയോയില്‍ സ്‌ത്രീകള്‍ അതിവൈകാരികമായാണ് പെരുമാറുന്നത്. പൊതു സ്ഥലങ്ങളിലെ ഇത്തരം പ്രകടനങ്ങളെ എതിര്‍ത്ത് നിരവധി പേരാണ് രംഗത്ത് വന്നത്. പൊതുഗതാഗത സംവിധാനങ്ങളുടെ സുഗമമായ അന്തരീക്ഷം തകര്‍ക്കുന്ന ഇത്തരക്കാര്‍ക്കെതിരെ കർശനമായ നടപടി സ്വീകരിക്കണമെന്നും ആവശ്യം ഉയര്‍ന്നിരുന്നു.