ചെന്നൈ: വോട്ടിങ്ങില്‍ വരുന്ന പിഴവ് പരിഗണിച്ച്, ബാലറ്റിങ് യൂണിറ്റിനും കൺട്രോൾ യൂണിറ്റിനും ഇടയിൽ പ്രിന്‍റര്‍ സ്ഥാപിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് ഡിഎംകെ സംഘടനാ സെക്രട്ടറി ആർ എസ് ഭാരതി ഹൈക്കോടതിയിൽ റിട്ട് ഹർജി നൽകി. മൂന്നാം തലമുറ ഇലക്‌ട്രോണിക് വോട്ടിങ്ങ് മെഷീനിൽ ചെയ്‌തത് പോലെയുള്ള ക്രമീകരണങ്ങള്‍ പാടില്ലെന്നാണ് ഡിഎംകെയുടെ ആവശ്യം. ആർ. ഭാരതിയും പാർട്ടി നിയമ വിഭാഗം സെക്രട്ടറി എൻ ആർ ഇളങ്കോ എംപിയും നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
പുതിയ നടപടി ക്രമം മൂലം രണ്ട് ശതമാനം പിഴവുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ തന്നെ പറഞ്ഞത്. രണ്ട് ശതമാനം വോട്ടുകളുടെ വ്യത്യാസമുണ്ടെങ്കിൽ അത് തീര്‍ച്ചയായും പരിഹരിക്കപ്പെടണമെന്ന് ആർ എസ് ഭാരതി പറഞ്ഞു. വോട്ടിങ്ങ് മെഷീനില്‍ മാറ്റം വരുത്തുമ്പോള്‍ 22 ലക്ഷം വോട്ടർമാരിൽ 2% പേരുടെ വോട്ടില്‍ പിഴവ് വരാന്‍ സാധ്യതയുണ്ടെന്ന് പറഞ്ഞാല്‍, 46,000 വോട്ടുകളില്‍ തെറ്റ് സംഭവിക്കാൻ സാധ്യതയുണ്ട് എന്നാണ്. ഒരു പാർലമെന്‍റ് മണ്ഡലത്തിനെ സംബന്ധിച്ച് 46,000 വോട്ടുകൾ എന്നത് ഒരു സാധാരണ കാര്യമല്ല. 2019ലെ തെരഞ്ഞെടുപ്പിൽ വിസികെ നേതാവ് തിരുമാവളവന്‍ മൂവായിരം വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.
ഇലക്‌ട്രോണിക് വോട്ടിങ്ങ് മെഷീനുകളെ രാഷ്‌ട്രീയ പാർട്ടികൾ ന്യായമായും സംശയിക്കുന്നു. മൂന്നാം തലമുറ യന്ത്രങ്ങൾ അവതരിപ്പിച്ച തെരഞ്ഞെടുപ്പ് കമ്മീഷൻ അവയിലുണ്ടായിരുന്ന പിഴവുകള്‍ തിരുത്തിയില്ല. ഇവിഎം മെഷീൻ നിർമ്മാണ സൈറ്റുകളിൽ ബിജെപി അംഗങ്ങളെ നിയമിച്ചിട്ടുണ്ട്. മെഷീൻ നിർമാണ കമ്പനികളിലേക്ക് ബിജെപി അംഗങ്ങളെ പ്രത്യേകമായി അയച്ചത് സംശയാസ്‌പദമാണെന്നും ആർ എസ് ഭാരതി പറഞ്ഞു.
ഇലക്‌ട്രോണിക് വോട്ടിങ്ങ് മെഷീനുമായി അക്‌നോളജ്‌മെന്‍റ് സ്ലിപ്പ് മെഷീനെ ബന്ധിപ്പിക്കുന്നത് ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും, വോട്ടിങ്ങ് മെഷീനും കൺട്രോൾ മെഷീനും ഇടയിൽ പ്രിന്‍റിങ് മെഷീനുകൾ സ്ഥാപിക്കാൻ നിലവില്‍ നിയമങ്ങളൊന്നും ഉണ്ടാക്കിയിട്ടില്ലെന്നും ഡിഎംകെയുടെ ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു. ഈ രീതിയില്‍ സ്ഥാപിക്കുന്നത് ക്രമക്കേടുകൾക്ക് ഇടയാക്കുമെന്നും ഹര്‍ജിയില്‍ പറയുന്നു.
വോട്ടർമാരുടെ വിശ്വാസമാണ് ഞങ്ങളുടെ വിജയം. വോട്ടിങ്ങ് മെഷീനിലും വിശ്വാസമുണ്ട്. എന്നാൽ 400-ൽ അധികം സീറ്റില്‍ തങ്ങള്‍ വിജയിക്കുമെന്നാണ് ബിജെപി അവകാശപ്പെടുന്നത്. അതുകൊണ്ടുതന്നെ അതിൽ സംശയമുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷൻ ഇത് പരിഹരിക്കണമെന്നും ആര്‍എസ് ഭാരതി പറഞ്ഞു.
'വിവിപാറ്റ് നേരിട്ട് വിവിപാറ്റ് യൂണിറ്റിൽ നിന്ന് കൺട്രോൾ യൂണിറ്റിലേക്ക് പോകാതെ കൺട്രോൾ യൂണിറ്റിലേക്ക് പോകുന്നത് സംശയം ജനിപ്പിക്കുന്നതാണെന്ന് ഡിഎംകെ ലീഗൽ വിങ്ങ് സെക്രട്ടറി എൻആർ ഇളങ്കോ പറഞ്ഞു, സ്വതന്ത്രവും ഏകപക്ഷീയവുമായ തെരഞ്ഞെടുപ്പ് നടത്താൻ രാഷ്‌ട്രീയ പാർട്ടികൾ ലഭ്യമായ എല്ലാ മാർഗങ്ങളും അവലംബിക്കണമെന്നും ഡിഎംകെ അത് ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Also Read : മുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന് ഹര്‍ജി; സുപ്രീംകോടതി അടുത്തയാഴ്‌ച വാദം കേള്‍ക്കും