ചെന്നൈ: ലോക്‌സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് തമിഴ്‌നാട്ടിലെ ഡിഎംകെയും കോൺഗ്രസും തമ്മിലുള്ള സീറ്റ് വിഭജനത്തിൽ ധാരണയായി. തമിഴ്‌നാട്ടിലെ 9 സീറ്റുകളിലും പുതുച്ചേരിയിൽ ഒരു സീറ്റിലും കോൺഗ്രസ് മത്സരിക്കും. 21 ലോക്‌സഭ സീറ്റുകളിലാണ് ഡിഎംകെ മത്സരിക്കുക.
വൈക്കോയുടെ നേതൃത്വത്തിലുള്ള എംഡിഎംകെക്ക് ഒരു മണ്ഡലവും ഡിഎംകെ അനുവദിച്ചു. നിലവിൽ കോൺഗ്രസിന്‍റെ സിറ്റിങ്ങ് സീറ്റായ തിരുച്ചിറപ്പള്ളിയാണ് എംഡിഎംകെയ്ക്ക് നൽകിയത്. സംവരണ സീറ്റായ തിരുവള്ളൂർ ഉൾപ്പെടെ കടലൂർ, മയിലാടുതുറൈ, ശിവഗംഗ, തിരുനെൽവേലി, കൃഷ്‌ണഗിരി, കരൂർ, വിരുദുനഗർ, കന്യാകുമാരി തുടങ്ങീ മണ്ഡലങ്ങളാണ് കോൺഗ്രസിന് അനുവദിച്ചത്.
മധുര, ഡിണ്ടിഗൽ എന്നീ സീറ്റുകളിൽ സിപിഎമ്മും, നാഗപട്ടണം, തിരുപ്പൂർ സീറ്റുകളിൽ സിപിഐയും മത്സരിക്കും. സംവരണ സീറ്റായ ചിദംബരം, വില്ലുപുരം എന്നീ മണ്ഡലങ്ങൾ വിസികെയ്ക്കും നൽകി. രാമനാഥപുരത്ത് ഐയുഎംഎൽ മത്സരിക്കുമ്പോൾ കെഎംഡികെ നാമക്കലിൽ നിന്ന് റൈസിംഗ് സൺ ചിഹ്നത്തിൽ വോട്ട് തേടും.