മംഗളൂരു (കർണാടക) : ചന്നപട്‌നയ്ക്ക് നൽകിയ സംഭാവനകളെ ചോദ്യം ചെയ്‌ത കേന്ദ്രമന്ത്രി എച്ച്‌ഡി കുമാരസ്വാമിക്കെതിരെ ആഞ്ഞടിച്ച് കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ. കുമാരസ്വാമി കാണുന്നതിന് മുമ്പ് താൻ ചന്നപട്‌ന കണ്ടിട്ടുണ്ട് എന്നും ചന്നപട്‌നയെ തനിക്ക് നന്നായി അറിയാമെന്നും ശിവകുമാര്‍ പറഞ്ഞു.
'ഞാൻ രാഷ്‌ട്രീയത്തിലേക്ക് വന്നതിന് 10 വർഷങ്ങൾക്കിപ്പുറമാണ് അദ്ദേഹം രാഷ്ട്രീയത്തിലേക്ക് എത്തിയത്. ഞാൻ രാമനഗര ജില്ലക്കാരനാണ്. അദ്ദേഹത്തെക്കാൾ നന്നായി എനിക്ക് ചന്നപട്‌നയെ അറിയാം' -കുക്കെ സുബ്രഹ്മണ്യ സ്വാമി ക്ഷേത്ര ദർശനത്തിനിടെ മംഗളൂരുവിലെ ബാജ്‌പെ വിമാനത്താവളത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'1985ൽ അദ്ദേഹത്തിൻ്റെ പിതാവ് എച്ച്‌ഡി ദേവഗൗഡയ്‌ക്കെതിരെ ഞാൻ തെരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുണ്ട്. 1995 ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ അദ്ദേഹം മത്സരിച്ചു. വലിയ നേതാക്കൾ മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടും മണ്ഡലത്തിൽ ഒരു വികസനവും നടന്നിട്ടില്ലെന്നാണ് ജനങ്ങളുടെ അഭിപ്രായം. ഇവിടുത്തെ ജനങ്ങളെ സേവിക്കാനാണ് ഞാൻ ഒരിക്കൽ കൂടി ഈ നിയോജക മണ്ഡലത്തിലെത്തിയത്.
എൻ്റെ സഹോദരൻ ഡികെ സുരേഷിന് ചന്നപട്‌ന ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ താൽപ്പര്യമില്ലെങ്കിലും പാർട്ടിക്ക് സംഭാവന നൽകാൻ ആഗ്രഹിക്കുന്നു. ലോക്‌സഭ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ ജനങ്ങൾ ഞങ്ങൾക്ക് 85,000 വോട്ടുകൾ നൽകി. അതിൻ്റെ കടം ഞങ്ങൾ വീട്ടിയേ തീരൂ' -അദ്ദേഹം കൂട്ടിച്ചേർത്തു.
അഡിഷണൽ ഡിസിഎമ്മുകൾ വേണമെന്ന ആവശ്യത്തെ കുറിച്ചുള്ള ചോദ്യത്തിന്, മാധ്യമങ്ങൾ ദിവസവും ഇത് വാർത്തയാക്കുകയാണെന്നും ഈ ചോദ്യങ്ങൾക്ക് പാർട്ടി ഉത്തരം നൽകുമെന്നും അദ്ദേഹം പറഞ്ഞു. ഈ ചോദ്യം എഐസിസി പ്രസിഡൻ്റ് മല്ലികാർജുൻ ഖാർഗെയോടോ കർണാടകയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയോടോ മുഖ്യമന്ത്രിയോടോ സുർജേവാലയോടോ ചോദിക്കുക എന്നും ഡികെ ശിവകുമാര്‍ മറുപടി നല്‍കി.
കുക്കെ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം സന്ദർശിച്ചതിനെക്കുറിച്ചുളള ചോദ്യത്തിന്, 'ഞങ്ങളുടേത് ഒരു ഹിന്ദു കുടുംബമാണ്. വളരെക്കാലമായി ക്ഷേത്രം സന്ദർശിക്കാൻ ഞങ്ങൾ ആഗ്രഹിച്ചിരുന്നു. അതിനാൽ ഇവിടെ വന്നു' -അദ്ദേഹം പറഞ്ഞു.
Also Read: കെജ്‌രിവാള്‍ ജയിലില്‍ തുടരും ; ജാമ്യം അനുവദിക്കാതെ ഹൈക്കോടതി