ബെംഗളൂരു : കര്‍ണാടക സര്‍ക്കാരിനെ അധികാരത്തില്‍ നിന്നിറക്കുന്നതിന് കേരളത്തില്‍ ശത്രുസംഹാര യാഗം നടത്തിയെന്ന ആരോപണവുമായി ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍. തനിക്കും മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും എതിരായാണ് യാഗം നടന്നത്. കേരളത്തിലെ ഒരു രാജരാജേശ്വരി ദേവസ്ഥാനത്തിന് അടുത്താണ് ശത്രുസംഹാര പൂജ നടത്തിയതെന്നും ഇതിനെ കുറിച്ചുള്ള വിവരം തനിക്ക് ലഭിച്ചതായും അദ്ദേഹം പറഞ്ഞു.
യാഗത്തിനായി 42 ആടുകളെയും അഞ്ച് വീതം പോത്ത്, പന്നി എന്നിവയേയും ബലി നല്‍കിയിരുന്നു. ആരാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് എന്നതിനെ കുറിച്ച് തനിക്ക് വ്യക്തമായ ധാരണയുണ്ട്. അവര്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ തുടരട്ടെ.
ഇതിലൊന്നിലും താൻ വിഷമിക്കുന്നില്ല. എല്ലാം അവരുടെ വിശ്വാസങ്ങള്‍ക്ക് വിട്ടുകൊടുക്കുന്നു. ഇതൊന്നും ഏല്‍ക്കാൻ പോകുന്നില്ല, താൻ ദൈവത്തിലാണ് വിശ്വസിക്കുന്നതെന്നും ഡികെ ശിവകുമാര്‍ പറഞ്ഞു.
അതേസമയം, വരാനിരിക്കുന്ന ജൂണ്‍ രണ്ടിന് ബെംഗളൂരുവില്‍ കോണ്‍ഗ്രസ് ജനപ്രതിനിധികളുടെ യോഗം ചേരുമെന്നും ഡികെ ശിവകുമാര്‍ അറിയിച്ചു. പാര്‍ട്ടിയിലെ മുഴുവൻ എംഎല്‍എ, എംഎല്‍സി, എംപിമാരും യോഗത്തില്‍ പങ്കെടുക്കും. എംഎൽസി തെരഞ്ഞെടുപ്പും മറ്റ് പാര്‍ട്ടി കാര്യങ്ങളുമായിരിക്കും യോഗം ചര്‍ച്ച ചെയ്യുക എന്നും കര്‍ണാടക ഉപമുഖ്യമന്ത്രി വ്യക്തമാക്കി.
Also Read : മണിക്കൂറുകള്‍ പിന്നിട്ട് പ്രധാനമന്ത്രിയുടെ ധ്യാനം ; സുരക്ഷാവലയത്തില്‍ കന്യാകുമാരി - Narendra Modi Meditation