ബെംഗളൂരു : അംഗവൈകല്യമുള്ള ഭർത്താവ് ഭാര്യക്ക് ജീവനാംശം നൽകേണ്ടതില്ലെന്ന് കര്‍ണാടക ഹൈക്കോടതി. പിരിഞ്ഞ് കഴിയുന്ന ഭാര്യക്ക് 75 ശതമാനം വൈകല്യമുള്ള തനിക്ക് ജീവനാംശം നല്‍കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് കാട്ടി ഭര്‍ത്താവ് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ വിധി. ജീവനാംശം നൽകാൻ ഭര്‍ത്താവിനെ നിർബന്ധിക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഭര്‍ത്താവ് ജീവനാംശം നല്‍കാത്ത പക്ഷം അറസ്‌റ്റ് ചെയ്യണമെന്ന കീഴ്‌ക്കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ജസ്‌റ്റിസ് എം നാഗപ്രസന്നയുടെ സിംഗിൾ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
ഊന്നുവടിയുടെ സഹായത്തോടെയാണ് ഹര്‍ജിക്കാരന്‍ നടക്കുന്നത്. ദാമ്പത്യ തർക്കത്തെ തുടര്‍ന്ന് ഭാര്യ സ്വമേധയാ ഉപേക്ഷിച്ചു എന്നാരോപിച്ചാണ് വിവാഹം റദ്ദാക്കാന്‍ ഇയാള്‍ ഹര്‍ജി നല്‍കിയത്. ഇതിനിടെ, ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷൻ 24 പ്രകാരം ഭാര്യ ഇടക്കാല ജീവനാംശം തേടി. ആദ്യം പ്രതിമാസം 15,000 രൂപ നല്‍കാന്‍ കോടതി ഉത്തരവിട്ടു. തുടര്‍ന്നാണ് ഭർത്താവിന് അംഗ വൈകല്യം സംഭവിക്കുന്നത്. ഇതോടെ ഭര്‍ത്താവിന് ജീവനാംശം നൽകാന്‍ കഴിയാതെയായി.
ഭർത്താവിന്‍റെ വികലാംഗ സർട്ടിഫിക്കറ്റ്, ഭാര്യയുടെ ജോലി, കഴിവില്ലാത്ത ഭർത്താവിൽ നിന്ന് ജീവനാംശം ആവശ്യപ്പെടുന്നതിന്‍റെ യുക്തി എന്നിവയെല്ലാം കോടതി പരിശോധിച്ചു. വൈകല്യം ബാധിച്ച കാലയളവിലെ കുടിശ്ശികയായ 19,04,000 രൂപയിലും കോടതി ആശങ്ക പ്രകടിപ്പിച്ചു.
ഭർത്താവിന്‍റെ പിതാവിന്‍റെ സ്വത്ത് പിടിച്ചെടുത്ത് ജീവനാംശം നല്‍കുക എന്ന ആശയം കോടതി നിരസിച്ചു. എങ്കിലും പേരക്കുട്ടിയുടെ ആവശ്യങ്ങൾക്ക് ഭർത്താവിന്‍റെ പിതാവിന്‍റെ പിന്തുണ ഉചിതമാണെന്ന് കോടതി വിലയിരുത്തി. ജീവനാംശം വര്‍ധിപ്പിക്കണമെന്ന ഭാര്യയുടെ അപേക്ഷയും കോടതി തള്ളി. ഭര്‍ത്താവിന്‍റെ വൈകല്യം ഭേദമാകുന്നത് വരെ കുടിശ്ശിക തീർക്കാൻ ഭർത്താവിന്‍റെ പിതാവിനോടും കോടതി നിർദേശിച്ചു.