ഹൈദരാബാദ് : വർണങ്ങളുടെ ഉത്സവമായ ഹോളി ആഘോഷത്തിലാണ് രാജ്യം. വ്യത്യസ്‌ത രീതികളിലും പേരുകളിലുമാണ് ഹോളി ആഘോഷിക്കപ്പെടുന്നത്. എന്നിരുന്നാലും, കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പം നിറങ്ങളുടെ ഉത്സവം ആസ്വദിക്കുന്നതിന്‍റെ ആവേശവും സന്തോഷവും എല്ലായിടത്തും ഒരുപോലെയാണ്. ഇന്ത്യയിലെ വിവിധ രീതികളിലെ ഹോളി ആഘോഷത്തെ കുറിച്ചറിയാം.
മഞ്ഞൾ കൂളി - കേരളത്തിലെ കുഡുംബി, കൊങ്കണി സമുദായങ്ങൾ പരമ്പരാഗത രീതിയിൽ ഹോളി ആഘോഷിക്കുന്നത് മഞ്ഞൾ കൂളി എന്ന പേരിലാണ്. മറ്റുപല സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്‌തമായി,മഞ്ഞൾ പൊടി ഉപയോഗിച്ചുകൊണ്ടാണിത്.
ലത്മർ ഹോളി - ഉത്തർപ്രദേശിലെ മഥുര, വൃന്ദാവൻ, ബർസാന എന്നിവിടങ്ങളിലാണ് ഈ ഹോളി രീതി പ്രധാനമായും ആഘോഷിക്കുന്നത്. 'ലത്മർ ഹോളി'യുടെ ഉത്ഭവം ഹിന്ദു പുരാണങ്ങളിൽ നിന്നാണ്. കൃഷ്‌ണന്‍റെയും രാധയുടെയും കാലാതീതമായ പ്രണയത്തെ അനുകരിക്കുന്നതാണ് ലത്മർ ഹോളി.
പൂക്കളുടെ ഹോളി - വൃന്ദാവനിലെ ബാങ്കെ ബിഹാരി ക്ഷേത്രത്തിൽ കൃഷ്‌ണ ഭക്തർ മനോഹരമായ പുഷ്‌പ ദളങ്ങളുമായാണ് ഹോളി ആഘോഷിക്കുന്നത്. ഫാൽഗുന മാസത്തിലെ ഏകാദശിയിലാണ് 'പൂക്കളുടെ ഹോളി' ആഘോഷിക്കുന്നത്.
മസാൻ ഹോളി - കാശിയിൽ ചിതാഭസ്‌മവുമായാണ് ഭക്തർ ഹോളി ആചരിക്കുന്നത്. 'ചാരത്തിന്‍റെ ഹോളി'യെ 'മസാൻ ഹോളി', 'ഭസ്‌മ ഹോളി', 'ഭഭൂത് ഹോളി' എന്നും വിളിക്കുന്നു. ശ്‌മശാനത്തിൽ ചിതാഭസ്‌മം ഉപയോഗിച്ച് ഹോളി കളിക്കുന്ന പാരമ്പര്യം നൂറ്റാണ്ടുകളായി വാരണാസിയിൽ ആഘോഷിക്കപ്പെടുന്നു.
'ഷിംഗ' ഹോളി : മഹാരാഷ്ട്രയിൽ ഒരാഴ്‌ച നീണ്ടുനിൽക്കുന്ന ഹോളിയെ 'രംഗ് പഞ്ചമി' അല്ലെങ്കിൽ 'ഷിംഗ' എന്നാണ് വിളിക്കുന്നത്. യഥാർഥ ആഘോഷത്തിന്‍റെ തലേദിവസം രാത്രി മരച്ചീനി കത്തിക്കും. 'രംഗ് പഞ്ചമി' ദിനത്തിൽ രാവിലെ ആളുകൾ നനഞ്ഞതും വരണ്ടതുമായ നിറങ്ങളും വെള്ളവും ഉപയോഗിച്ച് ഹോളി ആഘോഷിക്കുന്നു.
ഡോൾചി ഹോളി - രാജസ്ഥാനിലെ ബിക്കാനീറിലെ 'ഡോൾചി ഹോളി'ക്ക് ഏകദേശം 300 വർഷത്തെ പഴക്കമുണ്ട്. പുരുഷന്മാർ കൂട്ടമായി അടുത്ത പ്രദേശങ്ങളിലുള്ളവരുടെ ദേഹത്ത് നിറങ്ങള്‍ തളിക്കും. രണ്ട് സമുദായങ്ങൾ തമ്മിലുള്ള ഭിന്നതയെ തുടർന്നാണ് ഈ ഉത്സവം ആരംഭിച്ചത്.
തുണികൾ കൊണ്ടുള്ള ഹോളി - തുണികൾ കീറി അതുകൊണ്ട് പരസ്‌പരം അടിക്കുകയും നിറങ്ങളിൽ മുക്കി ദേഹത്ത് കുടയുകയും ചെയ്യുന്ന ഹോളി പുഷ്‌കറിൽ ആഘോഷിക്കപ്പെടുന്നു. വരാഹഘട്ടിൽ നടക്കുന്ന പരിപാടി കാണാൻ ധാരാളം സ്വദേശികളും വിദേശികളുമായ സഞ്ചാരികൾ ഇവിടെയെത്തുന്നു.
പഥർ മാർ ഹോളി - വാഗഡിലും അതിർത്തി ജില്ലകളിലും 'പഥർ മാർ ഹോളി' ഉത്സവം വളരെ ആവേശത്തോടെ ആഘോഷിക്കപ്പെടുന്ന ഒന്നാണ്. ബൻസ്വാര, ദുംഗർപൂർ പ്രദേശങ്ങളിലെ ഗോത്രവർഗക്കാർ ധോളിൻ്റെയും ചാങ്ങിൻ്റെയും ശബ്‌ദത്തിൽ കല്ലെറിഞ്ഞാണ് ഹോളി കളിക്കുന്നത്.
'ബൈത്തകി ഹോളി : 'മഹിള ഹോളി', 'ഖാദി ഹോളി' എന്നിങ്ങനെ പല പേരുകളിലും ഇത് അറിയപ്പെടുന്നു. ഉത്തരാഖണ്ഡില്‍ പരമ്പരാഗത വേഷവിധാനങ്ങൾ ധരിച്ച് ആളുകൾ നാടോടി ഈണങ്ങൾ പാടി നൃത്തം ചെയ്‌ത് വർണങ്ങളുമായി നഗരത്തിൽ കറങ്ങുന്ന രീതിയിലാണ് ഈ ആഘോഷം.