ന്യൂഡൽഹി: ബോയിങ് 737 വിമാനങ്ങളിൽ റഡ്ഡർ കൺട്രോൾ സിസ്റ്റം തകാറിനെക്കുറിച്ച് യുഎസ് നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡ് (എൻടിഎസ്‌ബി) മുന്നറിയിപ്പ് നൽകിയതിന് പിന്നാലെ സുരക്ഷ നിര്‍ദേശം പുറപ്പെടുവിച്ച് ഡയറക്‌ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). വിമാനങ്ങളുടെ ചലനത്തെ നിയന്ത്രിക്കുന്ന പ്രാഥമിക ഉപകരണമാണ് എയർക്രാഫ്റ്റ് റഡ്ഡർ. ബോയിങ് 737 വിമാനത്തിന്‍റെ എല്ലാ ഇന്ത്യൻ ഓപ്പറേറ്റർമാർക്കും ഡിജിസിഎ ഇടക്കാല സുരക്ഷ ശുപാർശകൾ നൽകിയിട്ടുണ്ട്.
ജാംഡ് റഡ്ഡർ കൺട്രോൾ സിസ്റ്റത്തെപ്പറ്റി എല്ലാ ഫ്ലൈറ്റ് ജീവനക്കാരെയും അറിയിക്കണമെന്ന് എല്ലാ എയർലൈനുകളോടും ഡിജിസിഎ ആവശ്യപ്പെട്ടു. പ്രതിസന്ധി ഉണ്ടായാല്‍ തിരിച്ചറിയാനും അത് കൈകാര്യം ചെയ്യാനും ജീവനക്കാരെ പ്രാപ്‌തരാക്കണമെന്നും ഡിജിസിഎ സര്‍ക്കുലറില്‍ പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
റഡ്ഡർ കൺട്രോൾ സിസ്റ്റവുമായി ബന്ധപ്പെട്ട അപകടസാധ്യത വിലയിരുത്തുന്നതിനും ലഘൂകരിക്കുന്നതിനുമായി എല്ലാ ഓപ്പറേറ്റർമാരും വിമാനങ്ങൾക്കായി ഒരു സേഫ്‌ടി റിസ്‌ക് അസസ്മെന്‍റ് നടത്തണമെന്ന് ഡിജിസഎ നിര്‍ദേശിക്കുന്നു. എല്ലാ കാറ്റഗറി III B സമീപനങ്ങളും ലാൻഡിങ് റോൾ ഔട്ട് ഓപ്പറേഷനുകളും (പരിശീലനമോ യഥാർത്ഥ ഓട്ടോലാൻഡോ ഉൾപ്പെടെ) വിമാനങ്ങൾക്ക് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിർത്തലാക്കണം.
ആവർത്തിച്ചുള്ള പരിശീലന സെഷനുകളിലും ഇൻസ്ട്രുമെന്‍റ് റേറ്റിങ്/പ്രോഫിഷ്യൻസി ചെക്കുകളിലും (IR/PPC) പ്രീ-സിമുലേറ്റർ ബ്രീഫിങ്ങുകളിൽ റഡ്ഡർ കൺട്രോൾ സിസ്റ്റം പ്രശ്‌നങ്ങളെക്കുറിച്ചുള്ള ചർച്ച നിർബന്ധിത വിഷയമായി ഉൾപ്പെടുത്തിയിരിക്കണം. ആവർത്തന പരിശീലനത്തിലും IR/PPC-യിലും പ്രത്യേക വ്യായാമങ്ങളും ഉൾപ്പെടുത്താൻ ഓപ്പറേറ്റർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ വ്യായാമ വേളയിൽ ഉചിതമായ ഫ്ലൈറ്റ് ക്രൂ പ്രതികരണങ്ങളും ലഘൂകരണ പ്രക്രിയകളും പരിശീലിക്കേണ്ടതാണ് എന്നും ഡിജിസിഎ അറിയിച്ചു.