മുംബൈ : വിമാനത്താവളത്തില്‍ വീല്‍ ചെയര്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് എമിഗ്രേഷന്‍ കൗണ്ടറിലേക്ക് നടന്നു പോയ വൃദ്ധന്‍ കുഴഞ്ഞു വീണു മരിച്ച സംഭവത്തില്‍ എയര്‍ ഇന്ത്യ 30 ലക്ഷം രൂപ പിഴയടക്കാന്‍ ഡയറക്‌ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ഉത്തരവ്.
മുംബൈ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഫെബ്രുവരി 16ന് ആയിരുന്നു സംഭവം. ന്യൂയോര്‍ക്കില്‍ നിന്നുമാണ് 80കാരനായ യാത്രികനും ഭാര്യയും മുംബൈയില്‍ എത്തിയത്.
വിമാനത്തില്‍ നിന്നും ഇറങ്ങിയ ശേഷം എമിഗ്രേഷന്‍ കൗണ്ടറിലേക്ക് പോകാനായി ഇദ്ദേഹം എയര്‍ലൈന്‍ കമ്പനിയോട് വീല്‍ ചെയര്‍ ആവശ്യപ്പെട്ടു. എന്നാല്‍, വീല്‍ ചെയര്‍ ലഭിക്കാതെ വന്നതോടെ ഭാര്യയോടൊപ്പം എമിഗ്രേഷന്‍ കൗണ്ടറിലേക്ക് നടന്ന് പോയി. എമിഗ്രേഷന്‍ നടപടികള്‍ക്കിടെ വയോധികന്‍ കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു.
സംഭവത്തില്‍ ഏഴു ദിവസത്തിനകം റിപ്പോര്‍ട്ട് നൽകാന്‍ എയർ ഇന്ത്യക്ക് ഡിജിസിഎ നോട്ടീസ് നൽകിയിരുന്നു. റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം എയർ ഇന്ത്യ കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനാലാണ് 30 ലക്ഷം രൂപ പിഴ ചുമത്തിയത്. സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷനും സ്വമേധയാ കേസെടുത്തിരുന്നു.
വീല്‍ ചെയര്‍ ആവശ്യത്തിന് ഇല്ലാതിരുന്നതിനാല്‍ വൃദ്ധ ദമ്പതികളോട് കാത്തിരിക്കാൻ അഭ്യര്‍ഥിച്ചിരുന്നു എന്നാണ് സംഭവത്തില്‍ എയര്‍ ഇന്ത്യ വിശദീകരിച്ചത്. അഭ്യര്‍ഥന മാനിക്കാതെയാണ് അദ്ദേഹം ഭാര്യയോടൊപ്പം കൗണ്ടറിലേക്ക് നടന്ന് പോയത്. തുടര്‍ന്ന് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടപ്പോള്‍ അദ്ദേഹത്തിന് ആവശ്യമായ വൈദ്യ സഹായം ഉറപ്പുവരുത്തിയെന്നും ആശുപത്രിയില്‍ എത്തിച്ച ശേഷമാണ് മരണം സ്ഥിരീകരിച്ചതെന്നുമാണ് എയര്‍ ഇന്ത്യ അധികൃതര്‍ വിശദീകരിച്ചത്. വിമാനത്താവളത്തിലെ ടെര്‍മിനലുകളില്‍ വീല്‍ ചെയറുകളുടെ ഉത്തവാദിത്വം എയര്‍ലൈനുകള്‍ക്കാണ്.