വാരാണസി : കോടതി ഉത്തരവിന് പിന്നാലെ ഗ്യാന്‍വാപിയില്‍ ആരാധന നടത്തി ഭക്തര്‍. ജില്ല മജിസ്ട്രേറ്റ് രാജലിംഗത്തിന്‍റെയും പൊലീസ് കമ്മീഷണര്‍ അശോക് മുത്ത ജെയിന്‍റെയും മറ്റ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ ഗ്യാന്‍വാപി പള്ളി സമുച്ചയത്തില്‍ രാത്രി ഒന്‍പത് മണിയോടെ ഭക്തര്‍ ആരതി നടത്തി (Devotees offer prayers at Gyanvapi).
രാത്രി പതിനൊന്ന് മണിയോടെ ബാരിക്കേഡുകള്‍ നീക്കം ചെയ്യാനാരംഭിച്ചു. ഒരു മണിയോടെ ഈ പണികള്‍ പൂര്‍ത്തിയായി. നടപടികള്‍ പൂര്‍ത്തിയാക്കി പുലര്‍ച്ചെ രണ്ട് മണിയോടെ ഉദ്യോഗസ്ഥര്‍ പള്ളി സമുച്ചയത്തിന് പുറത്ത് കടന്നു(Vyas ka Thekhana). ഏഴ് ദിവസത്തിനുള്ളില്‍ പൂജ നടത്തുന്നതിനുള്ള നടപടികള്‍ ആരംഭിക്കണമെന്ന് കഴിഞ്ഞ ദിവസം ജില്ലാ ജഡ്‌ജി ഡോ അജയ് കൃഷ്‌ണ വിശ്വേശ്വ വാരാണസിയിലെ ജില്ലാ ഭരണകൂടത്തോട് നിര്‍ദ്ദേശിച്ചിരുന്നു.
കോടതി ഉത്തരവ് അടിയന്തരമായി തന്നെ രാജലിംഗം നടപ്പാക്കി. ഭക്തര്‍ക്ക് പ്രാര്‍ത്ഥന നടത്താന്‍ ഗ്യാന്‍വാപി പള്ളി സമുച്ചയത്തില്‍ വേണ്ട ക്രമീകരണങ്ങള്‍ അദ്ദേഹം നടത്തി. കോടതി ഉത്തരവിനെ തുടര്‍ന്ന് ബാരിക്കേഡുകള്‍ നീക്കം ചെയ്തതായി അദ്ദേഹം അറിയിച്ചു. ഗ്യാന്‍വാപി പള്ളി സമുച്ചയത്തില്‍ ആരാധന നടത്താന്‍ സാധിച്ചതിന്‍റെ സന്തോഷം ഭക്തര്‍ മറച്ചുവച്ചില്ല.
ശിവന്‍റെ കാളയായ നന്ദിയെ തങ്ങള്‍ ദര്‍ശിച്ചു. പ്രാര്‍ത്ഥന നടത്തി. ഇവിടെ ക്ഷേത്രം നിര്‍മ്മിക്കും. പ്രാര്‍ത്ഥന നടത്താന്‍ സാധിച്ചതില്‍ ഏറെ സന്തുഷ്‌ടരാണെന്നും ആരാധന നടത്തിയ ശേഷം പുറത്തെത്തിയ ഒരു ഭക്തന്‍ പറഞ്ഞു. ഗ്യാന്‍വാപി പള്ളി സമുച്ചയത്തില്‍ 1993 വരെ നന്ദിയുടെ മുന്നില്‍ പൂജ ചെയ്തിരുന്നു. ഇപ്പോള്‍ വീണ്ടും അത് നടത്താന്‍ സാധിച്ചതിന്‍റെ സന്തോഷം ഭക്തര്‍ മറച്ചുവച്ചില്ല.
ഇതിനിടെ ഗ്യാന്‍വാപി സമുച്ചയത്തില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഹിന്ദു ഭക്തര്‍ക്ക് ഗ്യാന്‍വാപി പള്ളി സമുച്ചയത്തിലെ വ്യാസ് തെഖാനയില്‍ ആരാധന നടത്താന്‍ കഴിഞ്ഞ ദിവസമാണ് വാരാണസി കോടതി അനുമതി നല്‍കിയത്. ഇതിനുവേണ്ട സഹായങ്ങള്‍ ചെയ്ത് കൊടുക്കാന്‍ ജില്ലാ ഭരണകൂടത്തോട് കോടതി നിര്‍ദ്ദേശിച്ചു. എല്ലാവര്‍ക്കും പൂജ നടത്താനുള്ള അവകാശമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
Also Read: 'ഹൈക്കോടതിയിൽ ചോദ്യം ചെയ്യും' ; ഗ്യാൻവാപി കേസ് വിധിയില്‍ മസ്‌ജിദ് വിഭാഗം
പള്ളിയുടെ താഴത്തെ നിലയില്‍ നാല് നിലവറകളുണ്ട്. ഇത് വ്യാസ കുടുംബത്തിന്‍റെ അധീനതയിലാണ് ഇപ്പോഴുമുള്ളത്. ഇവര്‍ അവിടെയാണ് താമസിച്ചിരുന്നതും. പാരമ്പര്യമായി പൂജ നടത്തുന്ന പുരോഹിതര്‍ക്ക് പ്രവേശിക്കാനും പൂജ നടത്താനും അനുമതി ആവശ്യപ്പെട്ടാണ് ഇവര്‍ ഹര്‍ജി നല്‍കിയത്.