മുംബൈ: ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് ഇന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ ഉള്‍പ്പെടെയുള്ള ഉന്നതര്‍ ചടങ്ങില്‍ പങ്കെടുക്കും. ഇന്ന് വൈകിട്ട് 5.30ന് ആസാദ് മൈതാനില്‍ വച്ചാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ചടങ്ങില്‍ പങ്കെടുക്കും. പുതിയ മന്ത്രിസഭയിൽ ശിവസേന നേതാവ് ഏക്‌നാഥ് ഷിൻഡെയും എൻസിപിയുടെ അജിത് പവാറും ഉപമുഖ്യമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും. മഹാരാഷ്ട്ര ബിജെപി ലെജിസ്ലേറ്റീവ് പാർട്ടി നേതാവായി ഫഡ്‌നാവിസിനെ ഐകകണ്‌ഠേന തെരഞ്ഞെടുത്തിരുന്നു.
മഹായുതി സർക്കാർ രൂപീകരിക്കാൻ അവകാശവാദമുന്നയിച്ച് ഫഡ്‌നാവിസും ഷിൻഡെയും പവാറും ഗവർണർ സിപി രാധാകൃഷ്‌ണനെ കണ്ടിരുന്നു. ഇതിനുപിന്നാലെ പുതിയ സർക്കാർ ഇന്ന് വൈകിട്ട് 5.30ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിൽ ചേരാൻ ഏക്‌നാഥ് ഷിൻഡെയോട് അഭ്യർഥിച്ചുവെന്ന് കഴിഞ്ഞ ദിവസം ഫഡ്‌നാവിസ് വ്യക്തമാക്കിയിരുന്നു. മഹാരാഷ്ട്രയിലെ ജനങ്ങൾക്ക് നൽകിയ വാഗ്‌ദാനങ്ങൾ തങ്ങൾ നിറവേറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, നീണ്ട സസ്‌പെൻസിനൊടുവിലാണ് ഫഡ്‌നാവിസ് വീണ്ടും മുഖ്യമന്ത്രിയാകുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മഹായുതി സര്‍ക്കാരില്‍ മുഖ്യമന്ത്രി സ്ഥാനം ഉന്നയിച്ച് ഏക്‌നാഥ് ഷിൻഡെ ആദ്യം രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെ നിരവധി ചര്‍ച്ചകള്‍ നടത്തിയെങ്കിലും മുഖ്യമന്ത്രിയുടെ കാര്യത്തില്‍ തീരുമാനമായിരുന്നില്ല. ശേഷം, ഷിൻഡെ തന്നെ വിഷയത്തില്‍ മോദിയുടെ നിലപാട് സ്വീകരിക്കുമെന്ന് വ്യക്തമാക്കി. ഇതിനുപിന്നാലെ ഇന്നലെ ചേര്‍ന്ന ബിജെപി കോര്‍കമ്മിറ്റിയാണ് ഫഡ്‌നാവിസിനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്.
അതേസമയം, ഫഡ്‌നാവിസിന് പിന്തുണ പ്രഖ്യാപിച്ച് ഷിൻഡെയും കഴിഞ്ഞ ദിവസം രംഗത്തെത്തി. 'കൃത്യമായി, രണ്ടര വർഷം മുമ്പാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഫഡ്‌നാവിസ് എന്‍റെ പേര് പ്രഖ്യാപിച്ചത്. മുമ്പ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സേവനമനുഷ്‌ഠിച്ച ഫഡ്‌നാവിസിനെ സംബന്ധിച്ചിടത്തോളം അത് അദ്ദേഹത്തിന്‍റെ ഔദാര്യമായിരുന്നു. ഇന്ന് അദ്ദേഹത്തിന്‍റെ പേര് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണയ്ക്കുന്നതിലും നിർദേശിക്കുന്നതിലും എനിക്ക് സന്തോഷമുണ്ട്. സർക്കാർ രൂപീകരണം സൗഹൃദപരമായിരിക്കും' എന്ന് ഷിൻഡെ പ്രതികരിച്ചു.
Read Also: ചുവരെഴുതും, മോഡലാകും, മുഖ്യമന്ത്രിയുമാകും ഫഡ്‌നാവിസ്..; ഇത് ദേവേന്ദ്ര ഫഡ്‌നാവിസിന്‍റെ കഥ