മുംബൈ: അനിശ്ചിതത്വത്തിനൊടുവില്‍ ദേവേന്ദ്ര ഫഡ്‌നാവിസ് മൂന്നാം തവണയും മഹാരാഷ്‌ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേറ്റു. മഹാരാഷ്‌ട്ര ഗവർണർ സി പി രാധാകൃഷ്‌ണൻ ഫഡ്‌നാവിസിന് സത്യവാചകം ചൊല്ലിക്കൊടുത്തു. എന്‍സിപി നേതാവ് അജിത് പവാറും ശിവസേന നേതാവ് ഏകനാഥ് ഷിൻഡെയും ഉപമുഖ്യമന്ത്രിമാരായും ചുമതലയേറ്റു.
ആസാദ് മൈതാനിയിൽ ഇന്ന് (ഡിസംബര്‍ 05) നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ജെപി നദ്ദ, നിതിൻ ഗഡ്‌കരി തുടങ്ങി നിരവധി നേതാക്കള്‍ പങ്കെടുത്തു. ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ, സഞ്ജയ് ദത്ത്, മാധുരി-ദീക്ഷിത് നെനെ, രൺബീർ കപൂർ, രൺവീർ സിങ് എന്നിവരും ചടങ്ങിൽ അണിനിരന്നു. ക്രിക്കറ്റ് ഐക്കൺ സച്ചിൻ ടെണ്ടുൽക്കർ, റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയർമാൻ മുകേഷ് അംബാനി, മകൻ ആനന്ദ് അംബാനി, ബിജെപി എംഎൽഎയും ബിസിസിഐ ട്രഷററുമായ ആശിഷ് ഷെലാർ, ബിജെപി നേതാവ് വിനോദ് താവ്‌ഡെ എന്നിവരും ചടങ്ങിന്‍റെ ഭാഗമായി.
അഭിനന്ദിച്ച് പ്രധാനമന്ത്രി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഫഡ്‌നാവിസിനെ അഭിനന്ദിച്ച് സമൂഹ മാധ്യമമായ എക്‌സില്‍ കുറിപ്പ് പോസ്‌റ്റ് ചെയ്‌തു. മഹാരാഷ്‌ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌ത ദേവേന്ദ്ര ഫഡ്‌നാവിസിന് അഭിനന്ദനങ്ങൾ എന്നാണ് പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചത്. മഹരാഷ്‌ട്രയുടെ ഉപമുഖ്യമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്‌ത ഏകനാഥ് ഷിൻഡെക്കും അജിത് പവാറിനും മോദി അഭിനന്ദനങ്ങൾ അറിയിച്ചു.
Congratulations to Shri Devendra Fadnavis Ji on taking oath as Maharashtra's Chief Minister.
— Narendra Modi (@narendramodi) December 5, 2024
Congratulations to Shri Eknath Shinde Ji and Shri Ajit Pawar Ji on taking oath as the Deputy Chief Ministers of the state.
This team is a blend of experience and dynamism, and it is… pic.twitter.com/IA9rH52H1H
അനുഭവസമ്പത്ത് നിറഞ്ഞതാണ് ഈ ടീം. ഈ ടീമിൻ്റെ കൂട്ടായ പരിശ്രമം കൊണ്ടാണ് മഹായുതി സഖ്യത്തിന് മഹാരാഷ്‌ട്രയില്‍ ചരിത്രപരമായ നേട്ടം കൈവരിക്കാനായത്. മികച്ച ഭരണം കാഴ്‌ചവയ്‌ക്കുന്നതിനും ജനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും സാധ്യമായതെല്ലാം ഇവര്‍ ചെയ്യുമെന്നും മോദി എക്‌സിലൂടെ പറഞ്ഞു. മഹാരാഷ്‌ട്രയുടെ വികാസത്തിന് ആവശ്യമായ എല്ലാ പിന്തുണയും കേന്ദ്രം നല്‍കുമെന്ന ഉറപ്പും നരേന്ദ്ര മോദി നല്‍കി.
ആദ്യ ഒപ്പ് മജ്ജ മാറ്റിവയ്ക്കൽ ശസ്‌ത്രക്രിയക്കുളള ധനസഹായം നല്‍കാന്‍: ആദ്യ മന്ത്രിസഭ യോഗത്തിന് മുമ്പ് തന്നെ മജ്ജ മാറ്റിവയ്ക്കൽ ശസ്‌ത്രക്രിയക്ക് ധനസഹായം നല്‍കാനുളള ഫയലില്‍ ഒപ്പുവച്ച് ഫഡ്‌നാവിസ്. അഞ്ച് ലക്ഷം രൂപയുടെ ധനസഹായത്തിലാണ് മുഖ്യമന്ത്രി അനുമതി നല്‍കിയത്. പൂനെ സ്വദേശിയായ ചന്ദ്രകാന്ത് കുർഹാഡെയുടെ ഭാര്യ ഭർത്താവിൻ്റെ ചികിത്സയ്ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് സഹായം അഭ്യര്‍ഥിച്ചിരുന്നു.
ഇപ്പോള്‍ നടക്കുന്നത് ടെസ്‌റ്റ് മത്സരം: ഇതൊരു ടെസ്റ്റ് മത്സരമാണ്. നമുക്ക് സംസ്ഥാനത്തെ മുന്നോട്ട് കൊണ്ടുപോകണം. ഇപ്പോൾ എൻ്റെ ശ്രദ്ധ നദീജല പദ്ധതികളിലും സൗരോർജ്ജ പദ്ധതികളിലുമാണ് ഫഡ്‌നാവിസ് പറഞ്ഞു. ശീതകാല സമ്മേളനത്തിന് മുമ്പ് തൻ്റെ മന്ത്രിസഭ വിപുലീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌ത ശേഷം സെക്രട്ടേറിയറ്റിൽ മാധ്യമപ്രവർത്തകരെ കാണുകയായിരുന്നു അദ്ദേഹം.
മഹാരാഷ്‌ട്രയില്‍ ബിജെപി നേടിയത് 133 സീറ്റുകള്‍: ശിവസേനയുടെ പിളര്‍പ്പ് തങ്ങള്‍ക്ക് അനുകൂലമാക്കി മഹാരാഷ്‌ട്രയില്‍ വീണ്ടും ബിജെപിയുടെ നേതൃത്വത്തിലുള്ള മഹായുതി സഖ്യം അധികാരം അരക്കെട്ടുറപ്പിക്കുകയായിരുന്നു. 288 സീറ്റുള്ള മഹാരാഷ്‌ട്രയിൽ 235 സീറ്റുകളിൽ മഹായുതി സഖ്യം വിജയിച്ചു. മഹാവികാസ് അഘാഡി സഖ്യത്തിന് 49 സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മഹായുതി സഖ്യത്തിന് നേതൃത്വം നല്‍കുന്ന ബിജെപി 133 സീറ്റുകളാണ് മഹാരാഷ്‌ട്രയില്‍ നേടിയത്. ശിവസേന ഷിൻഡെ വിഭാഗം 57 സീറ്റും എൻസിപി അജിത് പവാർ പക്ഷം 41 സീറ്റും നേടി.
Also Read: 'മോദിയും അദാനിയും ഒറ്റക്കെട്ട്'; പാര്‍ലമെന്‍റിന് പുറത്ത് പ്രതിഷേധിച്ച് ഇന്ത്യാ സഖ്യം