ബെംഗളൂരു: തമിഴർക്കെതിരെ അപകീർത്തി പരാമർശം നടത്തിയ ബിജെപി എം പി ശോഭ കരന്ദ്‌ലാജെക്കെതിരെ കേസെടുത്ത് കർണാടക പൊലീസ്. സംഭവത്തിൽ നേരത്തെ മധുര പൊലീസ് കേസെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് കോട്ടൺപേട്ട് പൊലീസ് സ്റ്റേഷനിലും എഫ് ഐ ആർ രജിസ്റ്റർ ചെയ്‌തത്. സംസ്ഥാന തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ നിർദേശ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്‌തത്.
തമിഴ്‌നാട്ടില്‍ നിന്ന് വരുന്ന ആളുകൾ ബെംഗളൂരുവില്‍ ബോംബ് സ്ഫോടനം നടത്തുന്നുവെന്നായിരുന്നു ശോഭയുടെ വിവാദ പരാമർശം. കഴിഞ്ഞ ദിവസം നഗർപേട്ടയിൽ നടന്ന പ്രതിഷേധത്തിനിടെയാണ് അവർ പരാമർശം നടത്തിയത്. എംപിയുടെ പ്രസ്‍താവനയെ തുടർന്ന് വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.
എന്നാൽ പ്രതിഷേധം കടുത്തതോടെ ശോഭ തന്‍റെ പരാമർശം പിൻവലിക്കുകയും മാപ്പ് പറയുകയും ചെയ്‌തു. തന്‍റെ പ്രസ്‌താവന തിരിച്ചെടുക്കുന്നുവെന്നും അവർ പറഞ്ഞു. എംപിയുടെ പരാമർശത്തെ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അപലപിച്ചിരുന്നു.
അതേസമയം വർഗീയ വികാരം ഉണർത്തുന്ന പ്രസ്‌താവന നടത്തിയതിൽ എംപി തേജസ്വി സൂര്യയ്‌ക്കെതിരെയും പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തു. ഹലസുർഗേറ്റ് പൊലീസ് സ്‌റ്റേഷനിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്‌തത്. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ നൽകിയ പരാതിയെ തുടർന്നാണ് കേസെടുത്തത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു.
ബാങ്ക് വിളി സമയത്ത് മൊബൈൽഷോപ്പിൽ ഭജന നടത്തിയതിന് യുവാവിനെ ആക്രമിച്ച കേസിൽ അപലപിച്ചു സംസാരിക്കുന്നതിനിടെയാണ് വർഗീയ വികാരം ഇളക്കിവിടുന്ന പരാമർശം തേജസ്വി സൂര്യയുടെ ഭാഗത്തുനിന്നും ഉണ്ടായതെന്നാണ് ആരോപണം. ചിക്കപ്പേട്ട സ്വദേശി സാവിത്രിഹള്ളി എം പിയ്ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ഇലക്ഷൻ കമ്മിഷൻ പരാതി നൽകുകയായിരുന്നു. തുടർന്നാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തത്.