ന്യൂഡല്‍ഹി: മധ്യവയസ്‌കരായ ദമ്പതിമാരുടെയും അവരുടെ 23കാരിയായ മകളുടെയും കൊലപാതകത്തില്‍ നിര്‍ണായക വഴിത്തിരിവ്. രാജ്യതലസ്ഥാനത്തെ നടുക്കിയ കൊലപാതകത്തില്‍ പ്രതിയെ മണിക്കൂറുകള്‍ക്കകം തന്നെ പൊലീസ് തിരിച്ചറിഞ്ഞു. ദമ്പതിമാരുടെ മകന്‍ തന്നെയാണ് ഈ ക്രൂരകൃത്യം ചെയ്‌തതെന്ന് പൊലീസ് വ്യക്തമാക്കി.
ബണ്ടി(20) എന്ന് വിളിക്കുന്ന സംസ്ഥാനതല ബോക്‌സറായ മകനാണ് മാതാപിതാക്കളായ രാജേഷ്‌കുമാര്‍ (51), കോമള്‍ (46), മൂത്തസഹോദരി കവിത (23) എന്നിവരെ കഴിഞ്ഞ ദിവസം സ്വന്തം വീട്ടില്‍ വച്ച് കൊലപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു.
പുലര്‍ച്ചെ 5.30ന് നടക്കാന്‍ പോയ താന്‍ തിരികെ വന്നപ്പോഴാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയതെന്നാണ് മകന്‍ ആദ്യം പൊലീസിനോട് പറഞ്ഞത്. ആദ്യം പൊലീസിലും പിന്നീട് അമ്മാവനോടും ഫോണില്‍ വിളിച്ച് അര്‍ജുന്‍ തന്നെയാണ് വിവരം പറഞ്ഞതും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൊലപാതകത്തിന് പിന്നിലെ കാരണങ്ങള്‍
ഉറങ്ങിക്കിടന്നപ്പോഴാണ് കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയതെന്ന് അര്‍ജുന്‍ പൊലീസിനോട് വെളിപ്പെടുത്തി. പിതാവ് തന്നെ നിരന്തരം അപമാനിക്കുന്നതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും അര്‍ജുന്‍ വ്യക്തമാക്കി. അര്‍ജുന്‍ കായികമേഖലയില്‍ വളരെ തത്പരനായിരുന്നു. പഠനത്തില്‍ ഏറെ പിന്നാക്കവും, ഇതാണ് മാതാപിതാക്കള്‍ എപ്പോഴും ഇയാളെ പരിഹസിക്കാന്‍ കാരണമായത്. പരസ്യമായി പോലും ഇത് പറഞ്ഞ് അര്‍ജുനെ ഇവര്‍ അപമാനിച്ചിരുന്നുവെന്ന് പറയപ്പെടുന്നു.
രണ്ട് ദിവസം പിതാവ് പരസ്യമായി അര്‍ജുനെ മര്‍ദ്ദിച്ചിരുന്നു. സ്വത്തുക്കളെല്ലാം സഹോദരിക്ക് നല്‍കാന്‍ മാതാപിതാക്കള്‍ തീരുമാനിച്ചതും പകയുണ്ടാക്കി. മാതാപിതാക്കളുടെ 27ാം വിവാഹവാര്‍ഷിക ദിനത്തില്‍ കൊല നടത്താന്‍ ഇയാള്‍ നേരത്തെ പദ്ധതി തയാറാക്കി.
സൈനികനായിരുന്ന പിതാവിന്‍റെ കത്തി ഉപയോഗിച്ച് താഴത്തെ നിലയില്‍ ഉറങ്ങുകയായിരുന്ന സഹോദരിയെ ഇയാള്‍ ആദ്യം കൊലപ്പെടുത്തി. പിന്നീട് മുകളിലെ നിലയില്‍ പോയി ഒറ്റയ്ക്ക് ഉറങ്ങുകയായിരുന്ന പിതാവിനെയും കൊലപ്പെടുത്തി. ഇത് കണ്ട അമ്മ നിലവിളിക്കാൻ ശ്രമിച്ചെങ്കിലും അവരെയും ഇയാള് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.
പൊലീസ് വിശദീകരണം
ഇരുപതുകാരന്‍ ആസൂത്രണം ചെയ്‌ത് നടപ്പാക്കിയ കൊലപാതകമെന്ന് പൊലീസ് വ്യക്തമാക്കി. മാതാപിതാക്കളുടെ വിവാഹവാര്‍ഷികദിനം അതിനായി തെരഞ്ഞെടുക്കുകയായിരുന്നു. താന്‍ കൊലപാതകത്തെക്കുറിച്ച് അറിഞ്ഞില്ലെന്ന് നടിക്കാൻ പതിവുപോലെ പുലര്‍ച്ചെ 5.30ന് നടക്കാന്‍ പോയെന്നും പൊലീസിന്‍റെ പ്രസ്‌താവനയില്‍ പറയുന്നു.
അമ്മയുടെ സഹോദരന്‍റെ മൊഴി
കുടുംബത്തിന് ആരോടും വൈരാഗ്യമൊന്നുമുണ്ടായിരുന്നില്ലെന്ന് അര്‍ജുന്‍റെ മാതൃസഹോദരന്‍ വ്യക്തമാക്കുന്നു. ഏറെ സമാധാനത്തോടെയും ലളിതമായും ജീവിച്ച കുടുംബമായിരുന്നു. അര്‍ജുനാണ് തന്നെ വിളിച്ച് കൊലപാതകത്തിന്‍റെ വിവരം അറിയിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. സൈന്യത്തില്‍ നിന്ന് വിരമിച്ച ആളാണ് രാജേഷ്. നിലവില്‍ സുരക്ഷ ഉദ്യോഗസ്ഥനായി ജോലി നോക്കുന്നു. മകള്‍ കോളജ് വിദ്യാര്‍ഥിയാണ്. കരാട്ടെയില്‍ ബ്ലാക്ക്ബെല്‍റ്റും നേടിയിട്ടുണ്ട്.
പൊലീസ് പ്രതിയെ പിടികൂടിയത് ഇങ്ങനെ
അര്‍ജുന്‍ കൊലപാതക വിവരം അറിയിച്ച ഉടന്‍ തന്നെ പൊലീസ് അന്വേഷണം ആരംഭിച്ചു. ഫോറന്‍സിക് വിദഗ്‌ധര്‍, കുറ്റകൃത്യ അന്വേഷണസംഘം, ഡോഗ് സ്ക്വാഡ് എന്നിവരുമായാണ് പൊലീസ് സ്ഥലത്തെത്തിയത്. മോഷണശ്രമത്തിനിടെയുള്ള കൊലപാതകമല്ലെന്ന് ആദ്യം തന്നെ വ്യക്തമായി എന്നും പൊലീസ് പറഞ്ഞു.
അര്‍ജുന്‍റെ മൊഴികളിലെ വൈരുദ്ധ്യം ഉദ്യോഗസ്ഥരില്‍ സംശയമുണ്ടാക്കി. അര്‍ജുന്‍ ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ച് കൊണ്ടേയിരുന്നു. ദീര്‍ഘനേരത്തെ ചോദ്യം ചെയ്യലിനൊടുവില്‍ അര്‍ജുന്‍ കുറ്റം സമ്മതിച്ചു.
പിതാവിനോടും കുടുംബത്തോടും അത്ര രസത്തിലായിരുന്നില്ല അര്‍ജുനെന്നും ദക്ഷിണ മേഖല ജോയിന്‍റ് പൊലീസ് കമ്മിഷണര്‍ എസ് കെ ജയിന്‍ പറഞ്ഞു.
അയല്‍ക്കാരുടെ മൊഴി
തങ്ങളുടെ പ്രദേശത്ത് ഇത്തരമൊരു സംഭവം ഇതാദ്യമാണെന്ന് അയല്‍ക്കാരിലൊരാള്‍ പ്രതികരിച്ചു. നിലവിളി കേട്ടാണ് ഇങ്ങോട്ട് എത്തിയത്. താന്‍ രാവിലെ നടക്കാന്‍ പോയിട്ട് തിരികെ വന്നപ്പോള്‍ മാതാപിതാക്കളും സഹോദരിയും കൊല്ലപ്പെട്ട് കിടക്കുന്നത് കണ്ടു എന്നാണ് അര്‍ജുന്‍ അവരോടും പറഞ്ഞത്. എങ്ങും ചോര തളംകെട്ടി നിന്നിരുന്നു. ഇന്ന് അച്ഛന്‍റെയും അമ്മയുടെയും വിവാഹ വാര്‍ഷികമായിരുന്നുവെന്നും അവര്‍ക്ക് ആശംസ നേരാനെത്തിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടതെന്നും അര്‍ജുന്‍ അവരോട് പറഞ്ഞു.
ഹരിയാനയില്‍ നിന്ന് 2009ല്‍ ഡല്‍ഹിയിലെത്തി സ്ഥിരതാമസമാക്കിയവരാണ് രാജേഷ് കുമാറും ഭാര്യ കോമളും. കുട്ടികളുടെ മികച്ച വിദ്യാഭ്യാസത്തിനും ഭാവിക്കുമായാണ് ഇവര്‍ ഡല്‍ഹിയിലേക്ക് വന്നത്.
Also Read: ഡല്‍ഹിയെ നടുക്കി 'ട്രിപ്പിൾ കൊലപാതകം'; ദമ്പതികളും മകളും കുത്തേറ്റു മരിച്ചു