ന്യൂഡല്‍ഹി : ഡൽഹി മദ്യനയ അഴിമതി കേസിൽ അറസ്‌റ്റിലായ ബിആർഎസ് നേതാവ് കെ കവിതയെ തിഹാര്‍ ജയിലില്‍ വെച്ച് ചോദ്യം ചെയ്യാന്‍ സിബിഐക്ക് കോടതി അനുമതി. കവിതെ ചോദ്യം ചെയ്യാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി റൂസ് അവന്യൂ കോടതിയിൽ സിബിഐ നൽകിയ ഹര്‍ജിയിലാണ് നടപടി. ചോദ്യം ചെയ്യുന്നതിന് ഒരു ദിവസം മുമ്പ് ജയിൽ അധികൃതരെ അറിയിക്കാനും കോടതി ഉത്തരവിട്ടു.
ചോദ്യം ചെയ്യലിൽ വനിതാ കോൺസ്‌റ്റബിൾമാർ ഹാജരാകണമെന്നും കോടതി വ്യവസ്ഥ ചെയ്‌തിട്ടുണ്ട്. ചോദ്യം ചെയ്യലില്‍ എല്ലാ നിയമങ്ങളും പാലിക്കണമെന്നും കോടതി നിർദേശിച്ചു. കോടതിയുടെ അനുമതി ലഭിച്ചതോടെ അടുത്തയാഴ്‌ച തന്നെ സിബിഐ ഉദ്യോഗസ്ഥർ കവിതയെ ചോദ്യം ചെയ്‌തേക്കുമെന്നാണ് സൂചന. കേസില്‍ മാപ്പു സാക്ഷികളായവരുടെയും പ്രതികളായവരുടെയും മൊഴികളുടെ അടിസ്ഥാനത്തിലാണ് സിബിഐ കവിതയെ ചോദ്യം ചെയ്യാൻ ഒരുങ്ങുന്നത് എന്നാണ് റിപ്പോർട്ട്.
കവിതയെ ചോദ്യം ചെയ്‌തതിന് ശേഷം സിബിഐ മറ്റൊരു കുറ്റപത്രം കൂടെ സമർപ്പിച്ചേക്കും. ഡൽഹി മദ്യനയ കേസിൽ പണം കൈമാറ്റം ചെയ്യപ്പെട്ടുവെന്നും സ്വകാര്യ വ്യക്തികൾക്ക് നേട്ടമുണ്ടാക്കാൻ മദ്യനയം രൂപീകരിച്ചെന്നുമുള്ള ആരോപണങ്ങളിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് സിബിഐ കേസെടുക്കുന്നത്. കേസുമായി ബന്ധപ്പെട്ട് കവിതയെ സിബിഐ മുമ്പ് ചോദ്യം ചെയ്‌തിരുന്നു.
മദ്യനയക്കേസില്‍ കഴിഞ്ഞ മാസം 15-ന് ആണ് ഇഡി കവിതയെ അറസ്‌റ്റ് ചെയ്യുന്നത്. നിലവില്‍ തിഹാര്‍ ജയിലില്‍ ജുഡീഷ്യൽ കസ്‌റ്റഡിയില്‍ കഴിയുകയാണ് കവിത.
Also Read : ഡല്‍ഹി മദ്യനയ അഴിമതിക്കേസ് ; ബിആർഎസ് നേതാവ് കവിത ജുഡീഷ്യൽ കസ്‌റ്റഡിയിൽ - DELHI EXCISE POLICY CASE