ന്യൂഡൽഹി : സിവിൽ സർവീസ് വിദ്യാര്‍ഥികള്‍ മരിച്ച സംഭവത്തില്‍ റിപ്പോർട്ട് നൽകാൻ ഡൽഹി ലഫ്റ്റനന്‍റ് ഗവർണർ വി കെ സക്‌സേന ഡിവിഷണൽ കമ്മിഷണർക്ക് നിർദേശം നൽകി. ഏജൻസികളുടെ അവഗണനയും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവുമാണ് സംഭവം വിരൽ ചൂണ്ടുന്നതെന്ന് ഗവർണർ പറഞ്ഞു. സംഭവത്തില്‍ വി കെ സക്‌സേന ദുഖം രേഖപ്പെടുത്തി.
'ഇന്ത്യയുടെ തലസ്ഥാനത്ത് ഇത് സംഭവിക്കുന്നത് ഏറ്റവും ദൗർഭാഗ്യകരവും അസ്വീകാര്യവുമാണ്, കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ മറ്റ് 7 പൗരന്മാർ വൈദ്യുതാഘാതം മൂലം മരിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടു.' കുടുംബങ്ങൾക്ക് അനുശോചനം അറിയിച്ച്, അദ്ദേഹം എക്‌സില്‍ പോസ്റ്റ് ചെയ്‌തു.
താൻ സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്നും ഡൽഹി പൊലീസിന്‍റെയും അഗ്നിശമന സേനയുടെയും രക്ഷാപ്രവർത്തനങ്ങൾ നേരിട്ട് നിരീക്ഷിച്ചിട്ടുണ്ടെന്നും സക്‌സേന പറഞ്ഞു. 'ഈ സംഭവങ്ങൾ ക്രിമിനൽ അവഗണനയിലേക്കും ബന്ധപ്പെട്ട ഏജൻസികളുടെയും വകുപ്പുകളുടെയും അടിസ്ഥാന അറ്റകുറ്റപ്പണികളുടെയും ഭരണനിർവഹണത്തിന്‍റെയും പരാജയത്തിലേക്ക് വ്യക്തമായി വിരൽ ചൂണ്ടുന്നതായും അദ്ദേഹം കുറിച്ചു.
I am deeply anguished by the death of 3 Civil Services aspirants due to water logging in the basement of a coaching centre and that of another student due to water logging related electrocution. That this should happen in the Capital of India is most unfortunate & unacceptable.
— LG Delhi (@LtGovDelhi) July 28, 2024
നഗരത്തിലെ ഡ്രെയിനേജും അനുബന്ധ അടിസ്ഥാന സൗകര്യങ്ങളും, പ്രശ്‌നം പരിഹരിക്കാനുള്ള ആവശ്യമായ ശ്രമങ്ങളും പ്രത്യക്ഷത്തിൽ തകർന്നതായും സക്‌സേന പറഞ്ഞു. കഴിഞ്ഞ ദശകത്തിൽ ഡൽഹി അനുഭവിച്ച ദുർഭരണത്തിന്‍റെ വലിയ അസ്വാസ്ഥ്യത്തെയാണ് ഈ സംഭവം സൂചിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വലിയ ഫീസും വാടകയും നൽകി വീടുകളിൽ നിന്ന് മാറി നിൽക്കുന്ന വിദ്യാർഥികളുടെ അടിസ്ഥാന സുരക്ഷ ഉറപ്പാക്കാത്തതിൽ കോച്ചിങ് സ്ഥാപനങ്ങളുടെയും ഭൂവുടമകളുടെയും പങ്ക് പരിശോധിക്കേണ്ടതുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു. സംഭവിക്കുന്നത് മാപ്പർഹിക്കാത്ത കാര്യമാണ്, ഇത്തരം പ്രശ്‌നങ്ങൾ ഇനി മറച്ചുവയ്‌ക്കാൻ കഴിയില്ല. ചൊവ്വാഴ്‌ചക്കകം ദാരുണമായ സംഭവത്തിന്‍റെ എല്ലാ വശങ്ങളും ഉൾപ്പെടുത്തി ഒരു റിപ്പോർട്ട് സമർപ്പിക്കാൻ ഡിവിഷണൽ കമ്മിഷണറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.