ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രിയും ആം ആദ്‌മി പാർട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാൾ ഇന്ന് എൻഫോഴ്‌സ്‌മെൻ്റ് ഡയറക്‌ടറേറ്റിന് മുമ്പാകെ ഹാജരാകില്ലെന്ന് എഎപി. ജലബോർഡ് അഴിമതിക്കേസിൽ ചോദ്യം ചെയ്യാൻ ആരോപണവിധേയനായ കെജ്‌രിവാളിനെ ഇന്ന് ഇഡി ഓഫിസിലേക്ക് വിളിപ്പിച്ചിരുന്നു. എന്നാൽ സമൻസ് നിയമവിരുദ്ധമാണെന്നും കെജ്‌രിവാളിനെ ലക്ഷ്യമിടാൻ കേന്ദ്ര സർക്കാർ ഇഡിയെ ഉപയോഗിക്കുകയാണെന്നും എഎപി ആരോപിച്ചു.
ഡൽഹി മദ്യനയ അഴിമതിക്കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ കെജ്‌രിവാളിന് ഇതിനകം എട്ട് സമൻസുകൾ അയച്ചിരുന്നു. എന്നാൽ സമൻസുകൾ നിയമവിരുദ്ധമാണെന്ന് ആരോപിച്ച് അദ്ദേഹം ഹാജരായിരുന്നില്ല. മാർച്ച് 21 ന് ഇഡിക്ക് മുമ്പാകെ ഹാജരാകാൻ കെജ്‌രിവാളിന് ഒമ്പതാമത്തെ നോട്ടിസും അയച്ചിട്ടുണ്ട്.
അതേസമയം ശനിയാഴ്‌ച (മാർച്ച് 16) ലോക്‌സഭ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കെജ്രിവാളിനോട് അടുത്ത ആഴ്‌ച ഫെഡറൽ ഏജൻസിക്ക് മുന്നിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് രണ്ട് കേസുകളിലുമായി സമൻസുകൾ ലഭിച്ചതെന്ന് മന്ത്രി അതിഷി സിങ് നേരത്തെ പറഞ്ഞിരുന്നു. ഇത് രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാൻ ബിജെപി ചെയ്യുന്നതാണെന്ന് അതിഷി പറഞ്ഞു.
ബിജെപി ഇഡിയെയും സിബിഐയെയും ഗുണ്ടകളാക്കി ഉപയോഗിക്കുന്നുവെന്നും അതിഷി ആരോപിച്ചു. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിലെ സെക്ഷൻ 50 പ്രകാരമാണ് കെജ്‌രിവാളിനെതിരെ ഇഡി സമൻസ് അയച്ചത്. ടെൻഡർ നടപടികളിലെ ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ മുൻ ചീഫ് എഞ്ചിനീയർ ജഗദീഷ് കുമാർ അറോറയെയും കരാറുകാരൻ അനിൽ കുമാർ അഗർവാളിനെയും ഇഡി അറസ്റ്റ് ചെയ്‌തിരുന്നു.