ന്യൂഡല്‍ഹി : സിവില്‍ സര്‍വീസ് പരിശീലന സ്ഥാപനത്തില്‍ വെള്ളം കയറി മരിച്ച വിദ്യാര്‍ഥികളുടെ കുടുംബത്തെ സന്ദര്‍ശിച്ച് എഎപി എംപി സ്വാതി മാലിവാള്‍. രാം മനോഹര്‍ ലോഹ്യ ആശുപത്രിയിലെത്തിയാണ് കുടുംബവുമായി കൂടിക്കാഴ്‌ച നടത്തിയത്. മൂന്ന് വിദ്യാര്‍ഥികളാണ് സിവില്‍ സര്‍വീസ് പരിശീലന സ്ഥാപനത്തില്‍ വെള്ളം കയറി മരിച്ചത്.
ഡല്‍ഹിയിലെ ഓള്‍ഡ് രാജേന്ദര്‍ നഗറില്‍ ഇന്നലെയാണ് സംഭവം. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി ആര്‍എംഎല്‍ ആശുപത്രിയിലേക്ക് മാറ്റി. മരിച്ചവരില്‍ ഒരു മലയാളി വിദ്യാര്‍ഥിയുമുണ്ട്.
ദുരന്തത്തിന് ഇടയാക്കിയവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് സ്വാതി മാലിവാള്‍ ആവശ്യപ്പെട്ടു. സംഭവം പാര്‍ലമെന്‍റില്‍ ഉന്നയിക്കുമെന്നും അവര്‍ പറഞ്ഞു. ദുരന്തത്തില്‍ മരിച്ച രണ്ട് പെണ്‍കുട്ടികളുടെ കുടുംബത്തെ താന്‍ സന്ദര്‍ശിച്ചതായി പിന്നീട് സ്വാതി എക്‌സില്‍ കുറിച്ചു.
मैं अभी राजेंद्र नगर की घटना में जान गँवाने वाली दोनों बेटियों के परिवार से RML हॉस्पिटल में मिली।
— Swati Maliwal (@SwatiJaiHind) July 28, 2024
एक बेटी 25 साल की थी जिसके पिता जी उत्तर प्रदेश में किसान हैं। दूसरी बेटी भी सिर्फ़ 21 वर्ष की थी।
दोनों परिवार बुरे हाल में हैं और उनकी सिर्फ़ माँग है कि दोषियों को सख़्त सज़ा… pic.twitter.com/sNvMkxYw9V
'ഉത്തര്‍പ്രദേശിലെ ഒരു കര്‍ഷകന്‍റെ മകളാണ് മരിച്ച ഒരു പെണ്‍കുട്ടി. ഇവള്‍ക്ക് കേവലം 25 വയസാണ് പ്രായം. രണ്ടാമത്തെ പെണ്‍കുട്ടിക്ക് 21ഉം. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണം എന്നത് മാത്രമാണ് ഈ കുട്ടികളുടെ കുടുംബത്തിന്‍റെ ആവശ്യമെ'ന്നും സ്വാതി കുറിച്ചു.
മറ്റാര്‍ക്കും ഇത്തരമൊരു ദുരന്തം ഉണ്ടാകരുത്. ഡല്‍ഹിയില്‍ നിന്ന് മന്ത്രിമാരോ മേയറോ എംഎല്‍എമാരോ കൗണ്‍സിലര്‍മാരോ ആരും കാണാനെത്തിയില്ലെന്നും അവര്‍ പറഞ്ഞു. അവര്‍ എസി മുറിയിലിരുന്ന് ട്വീറ്റ് ചെയ്യുകയാണെന്നും സ്വാതിയുടെ പോസ്റ്റില്‍ ചൂണ്ടിക്കാട്ടുന്നു.
മന്ത്രിയും മേയറും നേരിട്ടെത്തി ഈ കുടുംബങ്ങളോട് മാപ്പ് പറയണമെന്ന് സ്വാതി മാലിവാള്‍ ആവശ്യപ്പെട്ടു. കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപ വീതം നഷ്‌ടപരിഹാരം നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു. വിദ്യാര്‍ഥികളുടെ മരണം കൊലപാതകമാണ്. ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രഥമ വിവര റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. അനധികൃത ബേസ്മെന്‍റുകള്‍ ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്നു എന്നതില്‍ അഴിമിതിയുണ്ടെന്ന് ഡല്‍ഹി വനിത കമ്മിഷന്‍ മുന്‍ അംഗം കൂടിയായ അവര്‍ ചൂണ്ടിക്കാട്ടി.
പത്ത് ദിവസമായി ഇവിടുത്തെ അഴുക്കുചാല്‍ വൃത്തിയാക്കണമെന്ന് വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ യാതൊരു നടപടികളുമുണ്ടായില്ല. അഴിമതിയില്ലാതെ ഇത്തരം ബേസ്മെന്‍റുകള്‍ എങ്ങനെ പ്രവര്‍ത്തിക്കും. കൈക്കൂലിയില്ലാതെ എങ്ങനെ അനധികൃത കയ്യേറ്റങ്ങള്‍ നടക്കുമെന്നും അവര്‍ ചോദിച്ചു. പണം നല്‍കിയാല്‍ സുരക്ഷ നിയമങ്ങള്‍ പാലിക്കേണ്ടതില്ലെന്നതിലേക്കാണ് ഇവയൊക്കെ വിരല്‍ ചൂണ്ടുന്നത്.
പട്ടേല്‍ നഗറില്‍ ദിവസങ്ങള്‍ക്ക് മുമ്പ് ഒരാള്‍ വൈദ്യുതാഘാതമേറ്റ് മരിച്ച സംഭവത്തില്‍ നിന്ന് എന്തെങ്കിലും പാഠം അധികൃതര്‍ ഉള്‍ക്കൊണ്ടോ എന്നും സ്വാതി ചോദിച്ചു. ഇതിനിടെ ഡല്‍ഹി പൊലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്‌തു. പരിശീലന സ്ഥാപനത്തിന്‍റെ ഉടമയേയും കോ ഓര്‍ഡിനേറ്ററെയുമാണ് അറസ്റ്റ് ചെയ്‌തിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ അംബേദ്ക്കര്‍ നഗര്‍ ജില്ല സ്വദേശിയായ ശ്രേയ യാദവും തെലങ്കാനയില്‍ നിന്നുള്ള താനിയ സോണിയും എറണാകുളം സ്വദേശി നിവിന്‍ ഡാല്‍വിനുമാണ് ദുരന്തത്തില്‍ മരിച്ചതെന്ന് ഡിസിപി എം ഹര്‍ഷ വര്‍ധന്‍ പറഞ്ഞു.
Also Read: ഡൽഹി കോച്ചിങ് സെന്‍റർ ദുരന്തം; 'അശ്രദ്ധയുടെയും കെടുകാര്യസ്ഥതയുടെയും ഉന്നതി': പ്രിയങ്ക ഗാന്ധി