ന്യൂഡല്‍ഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ജാമ്യം നല്‍കുന്നതിനെതിരെ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് സമര്‍പ്പിച്ച ഹര്‍ജിയില്‍ തീരുമാനമെടുക്കുന്നത് ഡല്‍ഹി കോടതി മാറ്റിവച്ചു. ഇതോടെ കെജ്‌രിവാളിന്‍റെ ജയില്‍ മോചനം വൈകും. മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് കെജ്‌രിവാളിന് ജാമ്യം നല്‍കിയത്. എന്നാല്‍ ഇഡിയുടെ ഹര്‍ജിയില്‍ തീരുമാനം വരുംവരെ അദ്ദേഹം ജയിലില്‍ തുടരേണ്ടി വരും.
ഈ മാസം 25നാണ് ഇഡിയുടെ ഹര്‍ജി വീണ്ടും പരിഗണിക്കുക. അതുവരെ കെജ്‌രിവാള്‍ ജയിലില്‍ തുടരേണ്ടി വരും. ജാമ്യം തത്ക്കാലം സ്റ്റേ ചെയ്‌ത നടപടി തുടരും.
ജസ്റ്റിസുമാരായ സുധീര്‍ കുമാര്‍ ജെയ്‌ന്‍, രവീന്ദര്‍ ദുദേജ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിലാണ് ഇഡി ഹര്‍ജി സമര്‍പ്പിച്ചത്. അടിയന്തര പ്രാധാന്യത്തോടെ ഹര്‍ജി കൈകാര്യം ചെയ്യണമെന്നും ഇഡി അഭ്യര്‍ഥിച്ചിരുന്നു. വ്യാഴാഴ്‌ച (ജൂണ്‍ 20) രാത്രിയാണ് കെജ്‌രിവാളിന് വിചാരണക്കോടതി ജാമ്യം അനുവദിച്ചത്. കെജ്‌രിവാള്‍ പുറത്തിറങ്ങും മുമ്പ് തങ്ങളുടെ അപ്പീലില്‍ തീരുമാനം എടുക്കണമെന്നും ഇഡി അഭ്യര്‍ഥിച്ചിരുന്നു.
ഇഡിക്ക് വേണ്ടി അഡിഷണല്‍ സോളിസിറ്റര്‍ ജനറലാണ് കോടതിയില്‍ ഹാജരായത്. വിചാരണ കോടതിയുടെ നടപടി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട ഇഡി വിചാരണ കോടതിയില്‍ കേസില്‍ വാദം നടത്താന്‍ തങ്ങള്‍ക്ക് മതിയായ അവസരം ലഭിച്ചില്ലെന്നും ചൂണ്ടിക്കാട്ടി. മാര്‍ച്ച് 21നാണ് ഇഡി കെജ്‌രിവാളിനെ അറസ്റ്റ് ചെയ്‌തത്. നിരവധി തവണ കേസില്‍ ചോദ്യം ചെയ്യാന്‍ കെജ്‌രിവാളിനെ വിളിച്ചിട്ടും ഹാജരാകാത്ത സാഹചര്യത്തിലായിരുന്നു അറസ്റ്റിന് ഉത്തരവിട്ടത്. മുന്‍കൂര്‍ ജാമ്യം തേടി കെജ്‌രിവാള്‍ കോടതിയെ സമീപിച്ചെങ്കിലും അത് തള്ളി. ഇതോടെ ഇഡി അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു.
അതേ സമയം ഡല്‍ഹി ഹൈക്കോടതി നടപടിയില്‍ മോദിയെ അപലപിച്ച് എഎപി നേതാവ് സഞ്ജയ് സിങ് രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി നീതിന്യായ വ്യവസ്ഥയെ കൊഞ്ഞനം കുത്തുകയാണന്ന് അദ്ദേഹം ആരോപിച്ചു. വിചാരണ കോടതിയുടെ ഉത്തരവ് ഇതുവരെ പുറത്ത് വന്നിട്ടില്ല. അതിന് മുമ്പ് ജനിക്കാത്ത ഉത്തരവിനെ ചോദ്യം ചെയ്‌ത് ഇഡി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നു. ഈ രാജ്യത്ത് എന്തൊക്കെയാണ് നടക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. രാജ്യം അങ്ങയെ നിരീക്ഷിക്കുകയാണെന്നും എഎപി എംപി എക്‌സില്‍ കുറിച്ചു.
ഏകാധിപത്യം എല്ലാ സീമകളും ലംഘിച്ചിരിക്കുന്നുവെന്ന് അരവിന്ദ് കെജ്‌രിവാളിന്‍റെ ഭാര്യ സുനിത കെജ്‌രിവാള്‍ ഈ നടപടിയോട് പ്രതികരിച്ചു. ഹൈക്കോടതിയില്‍ നിന്ന് നീതി കിട്ടുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അവര്‍ പറഞ്ഞു.
Also Read: മദ്യനയ അഴിമതി കേസ് : കെജ്‌രിവാളിന്‍റെ ജാമ്യത്തിന് താൽക്കാലിക സ്‌റ്റേ; ഇഡിയുടെ ഹർജി പരിഗണിക്കും -