ന്യൂഡല്‍ഹി : മദ്യനയ അഴിമതി കേസില്‍ അറസ്റ്റിലായ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെയുള്ള പൊതുതാത്‌പര്യ ഹര്‍ജി തള്ളി ഹൈക്കോടതി. കെജ്‌രിവാളിനെ തത്‌സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് നടപടി. മുഖ്യമന്ത്രിയെ തത്‌സ്ഥാനത്ത് നിന്നും മാറ്റാന്‍ ചട്ടമില്ലെന്നും ഇക്കാര്യത്തില്‍ ജുഡീഷ്യറി ഇടപെടല്‍ ആവശ്യമില്ലെന്നും കോടതി പറഞ്ഞു.
എക്‌സിക്യൂട്ടീവാണ് ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടതെന്നും കോടതി നിരീക്ഷിച്ചു. ആക്‌ടിങ് ചീഫ് ജസ്റ്റിസ് മന്‍മോഹന്‍, ജസ്റ്റിസ് മന്‍മീത് പ്രീതം സിങ് അറോറ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഡല്‍ഹി സ്വദേശിയും സാമൂഹിക പ്രവര്‍ത്തകനുമായ സുര്‍ജിത് സിങ് യാദവാണ് മുഖ്യമന്ത്രിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചത്.
കുറ്റാരോപിതനായ മുഖ്യമന്ത്രിയെ തത്‌സ്ഥാനത്ത് തുടരാന്‍ അനുവദിക്കരുതെന്നും അത് ഭരണ തകര്‍ച്ചയ്‌ക്ക് കാരണമാകുമെന്നും ചൂണ്ടിക്കാട്ടിയാണ് പൊതു താത്‌പര്യഹര്‍ജി സമര്‍പ്പിച്ചത്. ജയിലില്‍ നിന്നും മുഖ്യമന്ത്രി ഉത്തരവിറക്കുന്നത് തടയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മാര്‍ച്ച് 26നാണ് മുഖ്യമന്ത്രിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.